മകളുടെ പ്രണയ വിവാഹം; സഹായിച്ച യുവാവിനെതിരെ ക്വട്ടേഷന്‍, മാതാപിതാക്കളും ഗുണ്ടാ സംഘവും അറസ്റ്റില്‍
|കോഴിക്കോട് ചേവായൂർ പൊലീസാണ് കേസില്‍ ഏഴു പേരെ അറസ്റ്റ് ചെയ്തത്.
പ്രണയ വിവാഹത്തിന് സഹായിച്ച യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടേഷന്‍ നല്‍കിയ കേസിൽ പെൺകുട്ടിയുടെ മാതാപിതാക്കളും ക്വട്ടേഷൻ സംഘാംഗങ്ങളും അറസ്റ്റിൽ. കോഴിക്കോട് ചേവായൂർ പൊലീസാണ് കേസില്‍ ഏഴു പേരെ അറസ്റ്റ് ചെയ്തത്. രണ്ടര ലക്ഷം രൂപയ്ക്കാണ് കൊലപാതകം നടത്താന്‍ പെൺകുട്ടിയുടെ വീട്ടുകാർ ക്വട്ടേഷൻ കൊടുത്തത്.
മൂന്ന് വർഷം മുമ്പ് നടന്ന മകളുടെ പ്രണയവിവാഹത്തിന് സഹായിച്ചതിനാണ് തലക്കുളത്തൂർ സ്വദേശികളായ അനിരുദ്ധനും അജിതയും യുവാവിനെ ആക്രമിക്കാൻ ക്വൊട്ടേഷൻ കൊടുത്തതെന്നാണ് കണ്ടെത്തൽ. മകള്‍ ജാനറ്റിനെ വിവാഹം ചെയ്ത സ്വരൂപിന്‍റെ സഹോദരി ഭർത്താവ് റിനീഷിനെ കൊലപെടുത്തനാനായിരുന്നു ക്വട്ടേഷൻ.
സ്വർണം പണയം വെച്ചാണ് ക്വട്ടേഷനുള്ള പണം കണ്ടെത്തിയത്. നേരത്തെ ആലപ്പുഴയിലുള്ള മറ്റൊരു ക്വട്ടേഷന്‍ സംഘത്തെ സമീപ്പിച്ചെങ്കിലും അഡ്വാന്‍സ് വാങ്ങിയവർ മറ്റൊരു ക്വട്ടേഷനേറ്റെടുത്തതോടെ മാറിയെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ പിതാവ് അനിരുദ്ധൻ, മാതാവ് അജിത, തലക്കുളത്തൂർ സ്വദേശി അരുണിന്‍റെ നേതൃത്വത്തിലുളള അഞ്ചംഗ ക്വട്ടേഷൻ സംഘം എന്നിവരെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. റിനീഷിനെ ആക്രമിച്ച സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുപ്പും നടത്തി. എം.ബി.ബി.എസ് വിദ്യാർഥിനിയാണ് സ്വരൂപ് വിവാഹം കഴിച്ച ജാനറ്റ്. സിംഗപ്പൂ രിൽ എഞ്ചിനീയറാണ് സ്വരൂപ്.