വളാഞ്ചേരി മർക്കസിൽ വാഫി-വഫിയ്യ പഠനം നിർത്തലാക്കുന്നതിനെതിരെ രക്ഷിതാക്കൾ നിയമ നടപടിക്ക്
|ഇപ്പോൾ പഠിക്കുന്ന കുട്ടികൾക്ക് വാഫി - വഫിയ്യ പഠനം തന്നെ പൂർത്തിയാക്കാൻ അവസരം വേണമെന്നാണ് ഇവരുടെ ആവശ്യം
മലപ്പുറം: വളാഞ്ചേരി മർക്കസിൽ വാഫി-വഫിയ്യ പഠനം നിർത്തലാക്കുന്നതിനെതിരെ വിദ്യാർഥികളുടെ രക്ഷിതാക്കൾ നിയമ നടപടിക്കൊരുങ്ങുന്നു. തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം. ഇപ്പോൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതേ പഠനരീതിയിൽ പഠനം പൂർത്തിയാക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം.
ഇക്കഴിഞ്ഞ ഞായറാഴ്ച വളാഞ്ചേരി മർക്കസിൽ ചേർന്ന അഡ്മിനിസ്ട്രേഷൻ കമ്മറ്റി യോഗത്തിന് ശേഷമാണ് വാഫി- വഫിയ്യ പഠനം നിർത്തലാക്കുന്നതായി മർക്കസ് അധികൃതർ രക്ഷിതാക്കളെ അറിയിച്ചത്. ഇതോടെ ഒരു വിഭാഗം രക്ഷിതാക്കൾ പ്രതിഷേധിച്ചു . പൊലീസ് ഇടപെടലിലാണ് പിന്നീട് പ്രതിഷേധം അവസാനിപ്പിച്ചത്. പിറ്റേന്ന് പൊലീസ് സ്റ്റേഷനിൽ ചേർന്ന യോഗത്തിലും തർക്കത്തിന് പരിഹാരമായില്ല. വാഫി - വഫിയ്യ പഠനം നിർത്തലാക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് രക്ഷിതാക്കളുടെ നിലപാട്.
ഇപ്പോൾ പഠിക്കുന്ന കുട്ടികൾക്ക് വാഫി - വഫിയ്യ പഠനം തന്നെ പൂർത്തിയാക്കാൻ അവസരം വേണമെന്നാണ് ഇവരുടെ ആവശ്യം.തീരുമാനത്തിനെതിരെ നിയമനടപടിയാരംഭിച്ചെന്നും, കോടതിയെ സമീപിക്കാനാണ് ആലോചനയെന്നും ഒരു വിഭാഗം രക്ഷിതാക്കൾ പറയുന്നു.
വാഫി - വഫിയ്യ പഠനരീതിക്ക് ബദലായി സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി പ്രകാരമുള്ള കോഴ്സുകളിലേക്ക് മാറാനാണ് വളാഞ്ചേരി മർക്കസ് അധികൃതരുടെ തീരുമാനം. ഇപ്പോൾ സിഐസിക്ക് കീഴിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ രീതിയിലേക്ക് മാറാമെന്നും വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കില്ലെന്നുമാണ് വിശദീകരണം.