അഭയക്കേസ് പ്രതികൾക്ക് പരോൾ: സർക്കാരിനും സിസ്റ്റർ സെഫിക്കും ഫാ.കോട്ടൂരിനും ഹൈക്കോടതി നോട്ടീസ്
|സി.ബി.ഐ കോടതി ശിക്ഷിച്ച് അഞ്ചുമാസം തികയും മുന്‍പ് പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിലാണ് നടപടി
അഭയക്കേസിലെ പ്രതികൾക്ക് നിയമവിരുദ്ധമായി പരോൾ അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ, ജയിൽ ഡി.ജി.പി, സിസ്റ്റർ സെഫി, ഫാ.കോട്ടൂർ എന്നിവർക്ക് ഹൈകോടതി നോട്ടീസ് അയച്ചു. സി.ബി.ഐ കോടതി ശിക്ഷിച്ച് അഞ്ചുമാസം തികയും മുന്‍പ് പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് ജോമോൻ പുത്തൻപുരക്കൽ സമർപ്പിച്ച ഹർജിയിലാണ് നടപടി.
ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ, സിയാദ് റഹ്മാൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്. പരോൾ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റിയാണെന്നായിരുന്നു ജയിൽ ഡി.ജി.പിയുടെ വിശദീകരണം. ഇത് കളവാണെന്നും ഹർജിയിൽ പറയുന്നു. കഴിഞ്ഞ മെയ് 11 നാണ് 90 ദിവസം ഫാ.തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും പരോൾ അനുവദിച്ചത്.
സുപ്രീം കോടതി ഉത്തരവ് പ്രകാരം ജയിൽ ഹൈപവർ കമ്മിറ്റി 10 വർഷത്തിൽ താഴെ ശിക്ഷിച്ച പ്രതികൾക്കാണ് പരോൾ അനുവദിച്ചിട്ടുളളത്. അഭയ കേസിലെ പ്രതികൾക്ക് ഹൈപവർ കമ്മിറ്റി പരോൾ അനുവദിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനും ഹൈപവർ കമ്മിറ്റി അധ്യക്ഷനുമായ ജസ്റ്റിസ് സി.റ്റി.രവികുമാറിന്‍റെ ഉത്തരവിന്റെ കോപ്പിയും ഹർജിയോടൊപ്പം ഹാജരാക്കിയിരുന്നു.