പി.എഫ്.ഐ നേതാവ് ഇബ്രാഹീം പുത്തനത്താണിക്ക് പരോൾ
|മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഡൽഹി ഹൈക്കോടതി പരോൾ അനുവദിച്ചത്.
ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാവ് ഇബ്രാഹീം പുത്തനത്താണിക്ക് പരോൾ. മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഡൽഹി ഹൈക്കോടതി പരോൾ അനുവദിച്ചത്. ആറു മണിക്കൂറാണ് പരോൾ കാലാവധി.
മകളുടെ വിവാഹത്തിൽ പങ്കെടുത്താൽ മെയ് 24-ന് എൻ.ഐ.എ പ്രത്യേക കോടതി ഇബ്രാഹീമിന് നാലു മണിക്കൂർ പരോൾ അനുവദിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഇബ്രാഹീം ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് തള്ളിയ ജസ്റ്റിസ് ജസ്മീത് സിങ്, ജസ്റ്റിസ് വികാസ് മഹാജൻ എന്നിവരുടെ അവധിക്കാല ബെഞ്ച് പരോൾ കാലാവധി നാലു മണിക്കൂർ എന്നതിൽനിന്ന് ആറു മണിക്കൂറായി വർധിപ്പിക്കുകയായിരുന്നു.
മകളുടെ വിവാഹത്തിൽ പിതാവായ ഇബ്രാഹീമിന് നിർണായക ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഡ്വ. കാർത്തിക് വേണു കോടതിയെ അറിയിച്ചു. 12 മണിക്കൂർ പരോൾ അനുവദിക്കാൻ കോടതി തയ്യാറായെങ്കിലും നിയമപ്രകാരം അത് സാധ്യമല്ലെന്ന് എൻ.ഐ.എക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് കോടതി ആറു മണിക്കൂറായി ചുരുക്കുകയായിരുന്നു. കേരളത്തിൽ വന്നുപോവാനുള്ള ചെലവ് ഇബ്രാഹീം തന്നെ വഹിക്കണമെന്നും കോടതി പറഞ്ഞു.
പോപ്പുലർ ഫ്രണ്ടിന്റെ കീഴിൽ വിവിധ സംസ്ഥാനങ്ങളിൽ ആയുധപരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചത് ഇബ്രാഹീം പുത്തനത്താണിയുടെ നേതൃത്വത്തിലാണ് എന്നാണ് എൻ.ഐ.എ കുറ്റപത്രത്തിൽ ആരോപിക്കുന്നത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തെ തുടർന്ന് അറസ്റ്റിലായ ഇബ്രാഹീം പുത്തനത്താണിക്കെതിരെ ഐ.പി.സി 120 ബി, 121 എ, 122, 153 എ വകുപ്പുകളാണ് ചുമത്തിയത്. യു.എ.പി.എയിലെ 13,18,18എ, 18ബി വകുപ്പുകളും ചുമത്തിയിട്ടുണ്ട്.