വിലയെ പറ്റി തർക്കം ഹൈക്കോടതി കയറി പൊറോട്ട
|ജി.എസ്.ടിയാണ് പൊറോട്ടയെ കോടതി കയറ്റിയത്
കേരളത്തിൽ പൊറോട്ടയുടെ വിലയെ ചൊല്ലി ഉടലെടുത്ത തർക്കത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. മലയാളികളുടെ വികാരമായ പൊറോട്ട ഹൈക്കോടതി കയറിയതിന് പിന്നിലൊരു കാരണമുണ്ട്.
പാക്കറ്റിലെത്തുന്ന പൊറോട്ടക്കാണ് പണികിട്ടിയത്. പലതരം പണികൾ കിട്ടിയിട്ടുള്ള പൊറോട്ടയെ ഇക്കുറി കോടതിവരെ എത്തിച്ചത് ജി.എസ്.ടിയാണ്.
18 ശതമാനം ജി.എസ്.ടിയാണ് പാക്കറ്റിലെ പൊറോട്ടക്ക് ചുമത്തിയിരുന്നത്. എന്നാൽ സമാന പാക്കറ്റ് ഭക്ഷണങ്ങളായ ചപ്പാത്തിക്കും ബ്രഡിനും അഞ്ച് ശതമാനാമാണ് ചുമത്തുന്നത്. ലുക്കിലും ടേസ്റ്റിലും റിച്ചാണെങ്കിലും ജി.എസ്.ടിയിൽ അത്ര റിച്ച് വേണോ എന്നായിരുന്നു പൊറോട്ടക്ക് വേണ്ടി വാദിക്കാനിറങ്ങിയവരുടെ വാദം.
18 ശതമാനത്തിന് പകരം ചപ്പാത്തിക്കും ബ്രഡിനുമുള്ള അഞ്ച് ശതമാനം ജി.എസ്.ടി മലബാർ പൊറോട്ടക്കും ഗോതമ്പ് പൊറോട്ടക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട് മോഡേൺ ഫുഡ് എന്റർപ്രൈസസാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്.
ഇളവ് ആവശ്യപ്പെട്ട് കമ്പനി ആദ്യം ദ കേരള അതോറിറ്റി ഫോർ അഡ്വാൻസ് റൂളിങ്ങിനെ (എ.എ.ആർ) സമീപിച്ചു. എന്നാൽ പൊറോട്ടക്കെതിരായ നിലപാടായിരുന്നു എ.എ.ആർ കൈക്കൊണ്ടത്. ബ്രഡ് റെഡി ടു യുസ് (പാചകം ചെയ്യാതെയും കഴിക്കാം) ആണെന്നും എന്നാൽ പാക്കറ്റ് പൊറോട്ട വീണ്ടും പാകം ചെയ്ത് മാത്രമെ ഉപയോഗിക്കാനാകു. അതിനാൽ ബ്രഡിന് തുല്യമായി പാക്കറ്റ് പൊറോട്ടയെ പരിഗണിക്കാനാവില്ലെന്നായിരുന്നു എ.എ.എആറിന്റെ നിലപാട്.
ഇതിനെതിരെയാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെയാണ് പാക്കറ്റ് പൊറോട്ടക്ക് അനുകൂലമായ വിധി കോടതിയിൽ നിന്നുണ്ടായത്. ബ്രഡും ചപ്പാത്തിയുമുൾപ്പടെയുള്ള വിഭവങ്ങൾക്ക് സമാനമാണ് പാക്കറ്റ് പൊറോട്ടെയെന്നും ആ വിഭവങ്ങൾക്കുള്ള അഞ്ച് ശതമാനം ജി.എസ്.ടി മാത്രമെ പാക്കറ്റ് പൊറോട്ടക്കും ഈടാക്കാനാവു എന്നുമായിരുന്നു ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങിന്റെ വിധി.