'പ്രാദേശിക പരിപാടികളിൽ പങ്കെടുക്കും, സംസ്ഥാന തലത്തിൽ വിട്ട് നിൽക്കും': കെ മുരളീധരൻ
|'തൃശൂരിൽ വോട്ട് ചോർന്നത് അറിയാതെ പോയത് ആരുടെ കുറ്റമാണ്'
തിരുവനന്തപുരം: പ്രാദേശിക പരിപാടികളിൽ പങ്കെടുക്കുമെങ്കിലും സംസ്ഥാനതല പാർട്ടി പരിപാടികളിൽ നിന്ന് വിട്ട് നിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പാർലമെൻറ് തെരഞ്ഞെടുപ്പിൽ വിജയമുണ്ടെങ്കിലും കോൺഗ്രസിന് ഇനിയും ഒരുപാട് നേടാനുണ്ട്. പഞ്ചായത്ത് തലത്തിൽ പാർട്ടി ശക്തിപ്പെടേണ്ടതുണ്ട്. തൃശൂരിൽ വോട്ട് ചോർന്നത് അറിയാതെ പോയത് ആരുടെ കുറ്റമാണെന്നും കെ. മുരളീധരൻ ചോദിച്ചു.
കോൺഗ്രസ് ആര്യനാട് മണ്ഡലം കമ്മിറ്റിയുടെ പരിപാടിയിലാണ് കെ. മുരളീധരൻറെ വിമർശനം. തൃശൂരിലെ തോൽവിക്ക് ശേഷം കോൺഗ്രസിൻ്റെ രാഷ്ട്രീയ പരിപാടിയിൽ ആദ്യമായാണ് മുരളീധരൻ പങ്കെടുക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കളുടെ അധികാരമോഹത്തെയും മുരളീധരൻ വിമർശിച്ചു. ആർക്കും ഇപ്പോൾ ബൂത്ത് വേണ്ട, ആദ്യം തന്നെ ഡി.സി.സി വേണം. അതുകഴിഞ്ഞാൽ എല്ലാവർക്കും കെ.പി.സി.സി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
'വിഴിഞ്ഞം തുറമുഖം എന്ന് പറഞ്ഞാൽ ഓർക്കുക ഉമ്മൻചാണ്ടിയുടെ പേര്. തുറമുഖം യാഥാർഥ്യാമായതിന്റെ ക്രെഡിറ്റ് ഉമ്മൻ ചാണ്ടിക്കാണ്. വിഴിഞ്ഞത്ത് എന്താണുണ്ടായതെന്ന് വി.എൻ വാസവന് അറിയില്ല. തുറമുഖ നിർമാണം നീട്ടിക്കൊണ്ടുപോയത് പിണറായി വിജയനാണ്. ബി.ജെ.പിക്ക് പല ക്രെഡിറ്റുകളും പിണറായി വിജയൻ താലത്തിൽ വച്ച് കൊടുത്തു'- കെ.മുരളീധരൻ പറഞ്ഞു.