'ഹിന്ദു കോൺക്ലേവ് പരിപാടിയിൽ പങ്കെടുക്കുന്നുണ്ടോ?'; അടൂർ നിലപാട് വ്യക്തമാക്കണമെന്ന് അശോകൻ ചരുവിൽ
|മതേതരസമൂഹം ആദരിക്കുന്ന സാംസ്‌കാരിക പ്രതിഭകളുടെ പേരും ഫോട്ടോയും അനുവാദമില്ലാതെ ആക്ഷേപകരമായ രീതിയിൽ ഉൾപ്പെടുത്തിയതിൽ ശക്തമായി പ്രതിഷേധിക്കുകയാണെന്നും അശോകൻ ചരുവിൽ
സംഘപരിവാർ അനുഭാവികൾ സംഘടിപ്പിക്കുന്ന ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് സംവിധായകൻ അടക്കമുള്ള പ്രമുഖർ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ചെറുകഥാകൃത്ത് അശോകൻ ചരുവിൽ. പരിപാടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടി കവി പ്രഭാവർമ്മ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അടൂർ അടക്കമുള്ള പ്രമുഖരോട് നിലപാട് തേടി അശോകൻ ചരുവിലിന്റെ ഫേസ്ബുക്ക് കുറിപ്പ്.
മതേതരസമൂഹം ആദരിക്കുന്ന സാംസ്‌കാരിക പ്രതിഭകളുടെ പേരും ഫോട്ടോയും അനുവാദമില്ലാതെ ആക്ഷേപകരമായ രീതിയിൽ ഉൾപ്പെടുത്തിയതിൽ ശക്തമായി പ്രതിഷേധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ത് മതവുമായോ വിശ്വാസവുമായോ ബന്ധപ്പെട്ട ഒരു പരിപാടിയല്ല. മതവും വിശ്വാസവുമായി ഒരു ബന്ധവുമില്ലാത്ത മതഭീകരർ നടത്തുന്ന പ്രവർത്തനമാണ്. കെ.എച്ച്.എൻ.എ എന്ന സംഘടനയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അശോകൻ ചരുവിൽ ചൂണ്ടിക്കാട്ടി. അടൂർ ഗോപാലകൃഷ്ണനും, വി.മധുസൂദനൻ നായരും, സൂര്യ കൃഷ്ണമൂർത്തിയും കൈതപ്രവും ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
അശോകൻ ചരുവിലിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:-
'കേരള ഹിന്ദൂസ് ഓഫ് ഓഫ് നോർത്ത് അമേരിക്ക' എന്ന സംഘടനയുടെ ഒരു ഹിന്ദു കോൺക്ലേവ് 2023 എന്ന ഒരു പരിപാടിയുടെ ഒരു ബ്രോഷർ പ്രചരിപ്പിക്കപ്പെട്ടു കാണുന്നു. പങ്കെടുക്കുന്നവരുടെ കൂട്ടത്തിൽ പ്രഖ്യാപിത സംഘപരിവാർ നേതാക്കൾക്കും അനുഭാവികൾക്കും ഒപ്പം കേരളത്തിലെ ഏതാനും കലാസാഹിത്യപ്രതിഭകളുടെ പേരും പടവും പ്രദർശിപ്പിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഉള്ള പ്രശസ്ത കവി പ്രഭാവർമ്മ തനിക്ക് ആ പരിപാടിയുമായി ഒരു ബന്ധവുമില്ല എന്ന് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ള പ്രതിഭകളേയും അനുവാദമില്ലാതെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണ്. മതേതരസമൂഹം ആദരിക്കുന്ന സാംസ്‌കാരിക പ്രതിഭകളുടെ പേരും ഫോട്ടോയും അനുവാദമില്ലാതെ ആക്ഷേപകരമായ രീതിയിൽ ഉൾപ്പെടുത്തിയതിൽ ശക്തമായി പ്രതിഷേധിക്കുന്നു.
കാരണം ഇത് മതവുമായോ വിശ്വാസവുമായോ ബന്ധപ്പെട്ട ഒരു പരിപാടിയല്ല. മതവും വിശ്വാസവുമായി ഒരു ബന്ധവുമില്ലാത്ത മതഭീകരർ നടത്തുന്ന പ്രവർത്തനമാണ്. KHNA എന്ന സംഘടനയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ശബരിമല സുപ്രിം കോടതി വിധി വന്ന കാലത്ത് അമേരിക്കൻ മലയാളികളെ തെറ്റിദ്ധരിപ്പിച്ച് കേരള സർക്കാരിന്റെ എതിർപക്ഷത്തു നിർത്താൻ അശ്രാന്ത പരിശ്രമം നടത്തിയ സംഘടനയാണത്. വാ തുറന്നാൽ ഇതര മതവിദ്വേഷവിഷം വമിപ്പിക്കുന്ന ആർ.എസ്.എസ്. നേതാക്കളാണ് അവരുടെ നേതാക്കളും ഉപദേശകരും. താലിബാൻ തങ്ങൾ മുസ്ലീം വിശ്വാസികളാണ് എന്ന് അവകാശപ്പെടുന്നതു പോലെ ആർ.എസ്.എസുകാരും തങ്ങൾ ഹിന്ദുക്കളാണെന്ന് പറയാറുണ്ട്. മാത്രമല്ല പലപ്പോഴും ഹിന്ദുമതത്തെ പ്രതിനിധീകരിക്കുന്നതായി നടിക്കാനും അവർ ശ്രമിക്കുന്നു. ഹിന്ദുമതവിശ്വസികൾക്കും സമൂഹത്തിനും ഇതിനേക്കാൾ വലിയ ആപത്ത് വരാനില്ല.
വാക്കു കൊണ്ടോ പ്രവർത്തി കൊണ്ടോ ഇക്കൂട്ടർക്കൊപ്പം നിൽക്കുക എന്നാൽ അത് യഥാർത്ഥ മതവിശ്വാസികളോട് ചെയ്യുന്ന ചതിയായിരിക്കും. അത് രാജ്യത്ത് വിദ്വേഷവും വിഭജനവും സൃഷ്ടിക്കുന്നതിനുള്ള ഒരു പിന്തുണയായി ഭവിക്കും.
ആദരണീയരായ അടൂർ ഗോപാലകൃഷ്ണനും, വി.മധുസൂദനൻ നായരും, സൂര്യ കൃഷ്ണമൂർത്തിയും കൈതപ്രവും മറ്റും ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സംഘപരിവാർ നിയന്ത്രണത്തിലുള്ള കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയാണ് ഹിന്ദു കോൺക്ലേവ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്താണ് ഹിന്ദു കോൺക്ലേവ് നടക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രസഹമന്ത്രി വി മുരളീധരനും അടക്കമുള്ളവരാണ് പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. അടൂർ ഗോപാലകൃഷ്ണൻ, നമ്പി നാരായണൻ, ശ്രീകുമാരൻ തമ്പി, കുമ്മനം രാജശേഖരൻ, കെ പി ശശികല, സന്ദീപ് വാര്യർ, അനിൽ നമ്പ്യാർ, നടൻ ഉണ്ണി മുകുന്ദൻ, നടി അനുശ്രീ തുടങ്ങിയവരും പരിപാടിയുടെ ഭാഗമാണ്. എഴുത്തുകാരുടെയും ഉദ്യോഗസ്ഥരുടെയും അഭിനേതാക്കളുടെയും മതനേതാക്കളുടെയും ഒത്തുചേരൽ എന്നാണ് പരിപാടിയെ കുറിച്ചുള്ള പോസ്റ്ററിൽ പറയുന്നത്.