Kerala
പാർട്ടി അക്കൗണ്ട് മരവിപ്പിച്ച നടപടി; നിയമപോരാട്ടത്തിനൊപ്പം രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സി.പി.എം
Kerala

പാർട്ടി അക്കൗണ്ട് മരവിപ്പിച്ച നടപടി; നിയമപോരാട്ടത്തിനൊപ്പം രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സി.പി.എം

Web Desk
|
7 April 2024 1:14 AM GMT

സംസ്ഥാനത്തും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന പ്രചാരണം ശക്തമാക്കാനാണ് സി.പി.എം തീരുമാനം.

തൃശൂർ: പാർട്ടി അക്കൗണ്ട് മരവിപ്പിച്ച ഇ.ഡി നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയർത്താൻ സി.പി.എം. നിയമ പോരാട്ടത്തിനൊപ്പം രാഷ്ട്രീയ പ്രതിരോധം കൂടി തീർക്കാനാണ് സി.പി.എം തീരുമാനം. പ്രതിപക്ഷ പാർട്ടികളെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു എന്നതാണ് സി.പി.എമ്മിന്റെ ആരോപണം.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താൻ വേണ്ടി കേന്ദ്രസർക്കാർ ശ്രമിക്കുന്നു എന്ന ആരോപണം നേരത്തെ സി.പി.എം ഉയർത്തിയിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റോടെ ഈ ആരോപണം സി.പി.എം കൂടുതൽ ശക്തമാക്കി. ഇതിനിടയിലാണ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചത്. തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലത്തിലെ ഇ.ഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് സി.പി.എം ആരോപണം. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് സി.പി.എം തീരുമാനമെടുത്തിരിക്കുന്നത്.

അക്കൗണ്ട് മരവിപ്പിക്കലിനെതിരെ അടുത്ത ദിവസം തന്നെ സി.പി.എം കോടതിയെ സമീപിക്കും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനത്തും തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന പ്രചാരണം ശക്തമാക്കാനാണ് സി.പി.എം തീരുമാനം. അക്കൗണ്ട് മരവിപ്പിക്കലിനെതിരെ കോൺഗ്രസ് മൗനം പാലിച്ചാൽ അതും സി.പി.എം പ്രചാരണ വിഷയമാക്കും. ദേശീയതലത്തിൽ കോൺഗ്രസിനോട് ഇ.ഡി ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുന്ന പാർട്ടി എന്തുകൊണ്ട് കേരളത്തിൽ മൗനം പാലിക്കുന്നു എന്ന ചോദ്യമായിരിക്കും സി.പി.എം ഉയർത്തുക.

Similar Posts