പാർട്ടി തീരുമാനിച്ചു; ജോസ് കെ. മാണി രാജ്യസഭാ സ്ഥാനാർത്ഥി
|നവംബർ 29നാണ് തെരഞ്ഞെടുപ്പ്
രാജ്യസഭാ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി ജോസ് കെ. മാണിയെ കേരളാ കോൺഗ്രസ് (എം) പാർട്ടി നേതൃയോഗം തീരുമാനിച്ചു. യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫിലേക്ക് വരുമ്പോൾ ജോസ് കെ. മാണി രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് തീരുമാനം.
നവംബർ 29നാണ് തെരഞ്ഞെടുപ്പ്. മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ചെയർമാൻ ജോസ് കെ.മാണി, തോമസ് ചാഴിക്കാടൻ എം.പി, ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എം.എൽ.എമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ പങ്കെടുത്തതായി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് അറിയിച്ചു.
ഒഴിവു വന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് തന്നെ നൽകാൻ ഇന്ന് നടന്ന എൽഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാരെന്ന് പാർട്ടി തീരുമാനിക്കുമെന്ന് ജോസ് കെ മാണി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ജോസ് കെ. മാണി മത്സരിക്കില്ലെന്നായിരുന്നു കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി ജോസ് ടോം പറഞ്ഞിരുന്നത്.
സ്റ്റീഫൻ ജോർജ് മത്സരിക്കുമെന്ന് വാർത്തയുണ്ടായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ തുടർന്ന് പാലാ സീറ്റിൽ വിജയിക്കണമെന്നാണ് ജോസ് കെ മാണിയുടെ ആഗ്രഹമെന്നും വാർത്തയുണ്ടായിരുന്നു.