അനധികൃത സ്വത്ത് സമ്പാദനം; സി.പി.ഐ ജില്ലാ സെക്രട്ടറിക്കെതിരെ നീക്കം ശക്തമാക്കി പാർട്ടിയിലെ ഒരു വിഭാഗം
|എ.പി ജയന് മാറിനില്ക്കണമെന്ന ആവശ്യം ശക്തം
പത്തനംതിട്ട: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം നേരിടുന്ന സിപിഐ നേതാവ് എ.പി ജയനെതിരെ നീക്കം ശക്തമാക്കി പാർട്ടിയിലെ ഒരു വിഭാഗം. ജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി പാർട്ടിതല അന്വേഷണം നടത്തണമെന്നാണ് ആവശ്യം. അടുത്തമാസം നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആവശ്യം ഉന്നയിക്കാനും ജില്ലാ കമ്മറ്റിയിൽ വിഷയം ചർച്ചയാക്കാനുമാണ് തീരുമാനം.
കാനം വിരുദ്ധ ചേരിയിലെ പ്രമുഖനായ ജില്ലാ സെക്രട്ടറിമാരിൽ ഒരാളായ എ പി ജയനെതിരായ പരാതിയാണ് എതിർ വിഭാഗത്തിന്റെ പിടിവള്ളി. അനധികൃതമായി സ്വത്ത് സംബാധിച്ചുവെന്ന ആരോപണത്തിനൊപ്പം തന്നെ നിരവധി ആരോപണങ്ങളുടെ നടുവിലാണ് ജയൻ. പാറമട ലോബികളുമായുള്ള ചങ്ങാത്തം, വിവിധ തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണയം, വ്യവസായ പ്രമുഖരിൽ നിന്നുള്ള സഹായം കൈപ്പറ്റൽ തുടങ്ങി നിലവിലെ സെക്രട്ടരിക്കെതിരെ പരാതികളുടെ പെരുമഴ തീർക്കാൻ ശേഷിയുണ്ട് ജില്ലയിലെ ഒരു വിഭാഗത്തിന് . എന്നാൽ സംസ്ഥാന നേതൃത്വത്തിലെ പലരുടെയും നിർദേശങ്ങൾ പാലിച്ചാവും ഇക്കാര്യങ്ങളിലെ ഇവരുടെ മുന്നോട്ട് പോക്ക്.
അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും അഴിമതി നടത്തിയെന്നും കാട്ടി ജില്ലാ പഞ്ചായത്ത് അംഗം ശ്രീന ദേവി കുഞ്ഞമ്മ നൽകിയ പരാതിയിലാണ് നിലവിൽ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആരോപണ വിധേയൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്ന ആവശ്യം ഉയർത്തി മുന്നോട്ട് പോകാനാണ് ഇവരുടെ നീക്കം. അടുത്ത മാസം നടക്കുന്ന സംസ്ഥാന സമിതിയിലും എക്സിക്യൂട്ടിവിലും ഇക്കാര്യങ്ങൾ അവതരിപ്പിക്കും തുടർന്ന് നടക്കുന്ന ജില്ലാ കൗൺസിൽ യോഗത്തിലും വിഷയം ചർച്ചയാക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. അഴിമതി ആരോപണം നേരിടുന്നയാൾ പാർട്ടി പ്രഖ്യാപിച്ച അന്വേഷണ കമ്മീഷനുമായുള്ള സംസാരം ചോർത്തിയതും പാർട്ടി വേദികളിൽ ചർച്ചയാക്കും. ഇതിലൂടെ സംസ്ഥാന നേതൃത്വത്തിന് മുന്നിൽ് വെയ്ക്കുന്ന ആവശ്യങ്ങളിൽ അനുകൂല നടപടി നേടിയെടുക്കാമെന്ന പ്രതീക്ഷയും ജില്ലയിലെ എ പി ജയൻ് വിരുദ്ധ വിഭാഗത്തിനുണ്ട്.