ആത്മാർഥമായി മാപ്പ് ചോദിക്കുന്നു, ആ ലൈക്ക് റിമൂവ് ചെയ്തിട്ടുണ്ട്, വേടന്റെ പോസ്റ്റ് ലൈക്ക് ചെയ്തതിൽ ക്ഷമാപണവുമായി പാർവതി തിരുവോത്ത്
|താൻ ചെയ്ത കുറ്റത്തെ അംഗീകരിക്കാൻ പോലും ഒരുപാട് പുരുഷന്മാർ മടി കാണിക്കുന്നു എന്ന ചിന്തയോടെയാണ് മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ലൈക്ക് ചെയ്തത്.
ലൈംഗിക പീഡനാരോപണത്തിൽ പെട്ട വേടന്റെ (ഹിരൺദാസ് മുരളിയുടെ) ഇൻസ്റ്റഗ്രാം പോസ്റ്റിന് ലൈക്ക് ചെയ്തതിൽ ഖേദം പ്രകടിപ്പിച്ച് നടി പാർവതി തിരുവോത്ത്. ഇൻസ്റ്റഗ്രാം വഴിയാണ് പാർവതി തിരുവോത്ത് ഖേദപ്രകടനം നടത്തിയത്.
മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെ വേടൻ നടത്തിയ ക്ഷമാപണ പോസ്റ്റിന് ലൈക്കടിച്ചത് ഇരട്ടത്താപ്പാണെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു.
തങ്ങൾ ചെയ്ത കുറ്റം സമ്മതിക്കാൻ പോലും പുരുഷന്മാർ മടിക്കുന്ന സമയത്ത് താൻ ചെയ്ത കുറ്റം ഏറ്റുപറഞ്ഞുകൊണ്ട് മാപ്പ് ചോദിച്ചതുകൊണ്ടാണ് ഹിരൺദാസിന്റെ പോസ്റ്റ് താൻ ലൈക്ക് ചെയ്തതെന്നും അത് ആഘോഷിക്കപ്പെടേണ്ട കാര്യമല്ല എന്നത് താൻ മനസിലാക്കുന്നുണ്ടെന്നും പാർവ്വതി തന്റെ കുറിപ്പ് വഴി പറയുന്നു.
മാപ്പ് നൽകാനും ലൈംഗിക പീഡനത്തിന്റെ ആഘാതത്തിൽ നിന്നും മുക്തി നേടാനുമുള്ള അവകാശം അതിനെ അതിജീവിച്ചവർക്ക് മാത്രമാണുള്ളതെന്നും താൻ ഇപ്പോൾ മനസിലാക്കുന്നതായും പാർവതി വിശദീകരിക്കുന്നുണ്ട്.
പാർവതിയുടെ കുറിപ്പിന്റെ പൂർണരൂപം
ചൂഷണത്തെ അതിജീവിച്ചവരോട് ഒരു ക്ഷമാപണം.ലൈംഗിക പീഡനാരോപണം നേരിടുന്ന ഗായകൻ വേടനെതിരെ സധൈര്യം ശബ്ദമുയർത്തിയവരോട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുകയാണ്. താൻ ചെയ്ത കുറ്റത്തെ അംഗീകരിക്കാൻ പോലും ഒരുപാട് പുരുഷന്മാർ മടി കാണിക്കുന്നു എന്ന ചിന്തയോടെയാണ് ഞാൻ അദ്ദേഹത്തിന്റെ മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ലൈക്ക് ചെയ്തത്. അത് ആഘോഷിക്കപ്പെടേണ്ട ഒരു കാര്യമല്ല എന്നത് വ്യക്തമായി എനിക്കറിയാം.
ചൂഷണം നേരിട്ടവർ പോരാട്ടവുമായി മുന്നോട്ട് പോകുമ്പോൾ അവരെ ആദരവോടെ പരിഗണിക്കേണ്ടത് പരമപ്രധാനമാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. എന്നിരുന്നാലും, വേടന്റെ ക്ഷമാപണം ആത്മാർത്ഥതയോട് കൂടിയുള്ളതല്ലെന്ന് ചൂഷണം നേരിട്ടവരിൽ ചിലർ ചൂണ്ടിക്കാണിച്ച ഉടൻ തന്നെ ഞാൻ ആ ലൈക്ക് പിൻവലിച്ചു. എനിക്ക് തെറ്റുപറ്റി. മാപ്പ് നൽകേണ്ടതുണ്ടോ എന്നതും ചൂഷണത്തിന്റെ ആഘാതത്തിൽ നിന്നും എങ്ങനെ മുക്തി നേടണമെന്നതും സംബന്ധിച്ച് തീരുമാനങ്ങളെടുക്കാനുള്ള അവകാശം ചൂഷണം നേരിട്ടവർക്ക് മാത്രമുള്ളതാണ്. ഞാൻ എപ്പോഴും അവർക്കൊപ്പം മാത്രമാണ് നിൽക്കുന്നത്. നിങ്ങളെ പിന്തുണച്ചിട്ടില്ല എന്ന് തോന്നുന്നുണ്ടെങ്കിൽ അതിന് മാപ്പ് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.'