രണ്ടാം ദിനവും കുരുക്കഴിയാതെ ചുരം; മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍
|ഇന്നലെ ഉച്ചയോടെ തുടങ്ങിയ ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുകയാണ്
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍. ഒന്നാംവളവിന് മുകളില്‍ ചിപ്ലിത്തോട് മുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഇന്നലെ ഉച്ചയോടെ തുടങ്ങിയ ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുകയാണ്. അവധിദിനത്തിൽ കൂടുതൽ വാഹനങ്ങൾ ചുരത്തിലേക്കെത്തിയതും എട്ടാം വളവിൽ ലോറി കുടുങ്ങിയതുമാണ് ഇന്നലെ ഗതാഗതക്കുരുക്കിന് ഇടയാക്കിയത്.
വാരാന്ത്യത്തോട് ചേര്‍ന്ന് പൂജാ അവധി കൂടിയെത്തിയതോടെ ചുരം കയറുന്ന വിനോദസഞ്ചാരികളുടെ എണ്ണം വന്‍തോതില്‍ കൂടി. ഇതോടെ ഇന്നലെ ഉച്ചയ്ക്ക് മുമ്പ് മുതല്‍ തന്നെ ചുരത്തില്‍ വാഹന ഗതാഗതം മെല്ലെയായി. ഉച്ചയോടെ ചുരം എട്ടാംവളവില്‍ ലോറി യന്ത്രത്തകരാര്‍ മൂലം കുടുങ്ങിയതോടെ ഗതാഗതക്കുരുക്ക് പൂര്‍ണമായി.
ചുരത്തിന് മുകളില്‍ വൈത്തിരി മുതല്‍ ചുരത്തിന് താഴെ അടിവാരം വരെ വാഹനങ്ങളുടെ നീണ്ടനിരയാണ്. രാത്രിയോടെ ചുരത്തില്‍ കുടുങ്ങിയ ലോറി ക്രെയിനുപയോഗിച്ച് മാറ്റിയതോടെ ഗതാഗതക്കുരുക്കിന് നേരിയ ശമനമുണ്ടായിരുന്നു. പൊലീസും സന്നദ്ധ പ്രവര്‍ത്തകരും പണിപ്പെട്ടാണ് രാത്രി വൈകി ഗതാഗതം സാധാരണ നിലയിലാക്കിയത്.