മലയാളി കാർ യാത്രക്കാരെ ആക്രമിച്ച കേസ്; നാല് പേർ അറസ്റ്റിൽ
|അറസ്റ്റിലായവർ പാലക്കാട് സ്വദേശികൾ
എറണാകുളം: മധുക്കരയിൽ മാരകായുധങ്ങൾ ഉപയോഗിച്ച് മലയാളികളെ ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. ശിവദാസ്, രമേഷ്ബാബു, വിഷ്ണു, അജയ്കുമാർ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ വിഷ്ണു സൈനികനാണ്. വാഹനത്തിൽ കുഴൽപ്പണമുണ്ടെന്ന് കരുതിയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ എല്ലാവരും പാലക്കാട് സ്വദേശികളാണ്. ഇവരെ റിമാൻഡ് ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
സേലം- കൊച്ചി ദേശീയപാതയിലായിരുന്നു മലയാളി കാർ യാത്രക്കാർക്ക് നേരെ ആക്രമണമുണ്ടായത്. പട്ടിമറ്റം സ്വദേശികളായ അസ്ലം, സിദ്ദിഖ്, ചാര്‍ലെസ് റെജി എന്നിവരാണ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
യുവാക്കളുടെ പരാതി റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ റൂറൽ എസ്പി വൈഭവ് സക്സേന നിർദേശം നൽകി.
മാരകായുധങ്ങളുമായെത്തിയ ഒരു സംഘം മലയാളികൾ സഞ്ചരിച്ച കാറിന് മുന്നിലായി അവരുടെ ഇന്നോവ നിർത്തി. തുടർന്ന് കാറിൽ നിന്ന് പുറത്തിറങ്ങിയ സംഘം ആയുധങ്ങൾ ഉപയോഗിച്ച് യുവാക്കൾ സഞ്ചരിച്ച കാറിന്റെ ചില്ല് അടിച്ചു തകർക്കുകയായിരുന്നു. മലയാളി ഡ്രൈവറുടെ സമയോജിതമായ നീക്കമാണ് വലിയൊരു അപകടത്തിൽ നിന്ന് കാർ യാത്രക്കാർ രക്ഷപ്പെടാൻ കാരണമായത്. ആക്രമണം തുടങ്ങിയ ഉടനെ വാഹനമെടുത്ത് ഇവർ രക്ഷപ്പെട്ടു.