Kerala
Passenger fell ill on the plane, Malayali doctor got a new life after smart check-up
Kerala

വിമാനത്തിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം, സ്മാർട്ട് പരിശോധനക്കൊടുവിൽ പുതുജീവനേകി മലയാളി ഡോക്ടർ

Web Desk
|
5 July 2024 4:36 AM GMT

ആലുവ രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി വി. കുരുട്ടുകുളം ആണ് സ്മാർട്ട് വാച്ചിന്റെ സഹായത്തോടെ രോ​ഗിയുടെ ജീവൻ രക്ഷിച്ചത്.

കൊച്ചി : വിമാനത്തിൽ ശാരീരിക അവശതകൾ നേരിട്ട യാത്രക്കാരിയെ രക്ഷിക്കാൻ ഡോക്ടറെ സഹായിച്ചത് കയ്യിലുണ്ടായിരുന്ന സ്മാർട്ട് വാച്ച്. ജൂലൈ രണ്ടിന് രാത്രി ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്‌കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിലെ 56കാരിക്കാണ് യാത്രക്കിടെ കടുത്ത തലകറക്കവും, ആവർത്തിച്ചുളള ഛർദിയും ഉണ്ടായത്. ഇത് ശ്രദ്ധയിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരനായ ആലുവ രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി വി. കുരുട്ടുകുളം രോഗിയെ നിലത്ത് കിടത്താൻ നിർദേശിച്ചു. തുടർന്ന് തന്റെ ഐഡന്റിറ്റി കാർഡ് വിമാന അധികൃതരെ കാണിച്ച് ഡോ.ജിജി രോഗിയെ പരിശോധിക്കാൻ ആരംഭിച്ചു. രോഗിയുടെ ഹൃദയമിടിപ്പ് നിരീക്ഷിക്കാൻ ഡോക്ടറെ സഹായിച്ചത് ധരിച്ചിരുന്ന ആപ്പിൾ വാച്ചായിരുന്നു. വാച്ച് ഉപയോഗിച്ച് രോഗിയുടെ ഓക്സിജൻ സാച്ചുറേഷൻ കുറവാണെന്നും, രക്തസമ്മർദം കൂടിയിരിക്കുന്നതായും ഡോക്ടർ മനസ്സിലാക്കി.വിമാനത്തിൽ ലഭ്യമായിരുന്ന മെഡിക്കൽ കിറ്റിൽ നിന്നും ഡോ. ജിജി ആവശ്യമായ മരുന്നുകൾ നൽകിയതോടെ യാത്രക്കാരി ആരോഗ്യം വീണ്ടെടുത്തു.

അടുത്തുള്ള വിമാനത്താവളത്തിലേക്ക് ഫ്‌ളൈറ്റ് വഴിതിരിച്ചു വിടാനുളള തീരുമാനം ഡോക്ടറുടെ ഉറപ്പിൽ ക്യാപ്റ്റൻ വേണ്ടെന്ന് വെക്കുകയായിരുന്നു. മുൻകൂട്ടി നിശ്ചയിച്ചതിലും 15 മിനിറ്റ് മുമ്പായി വിമാനം സാൻഫ്രാൻസിസ്‌കോയിൽ പറന്നിറങ്ങി. ജീവനക്കാർ നേരത്തെ അറിയിച്ചതനുസരിച്ച് മെഡിക്കൽ സംഘം വിമാനത്താവളത്തിൽ രോഗിയെ കാത്ത് നിന്നിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗി സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.

വിമാനത്തിൽ ഐഡന്റിറ്റി കാർഡ് പരിശോധിച്ചതിന് ശേഷം മാത്രമേ കുത്തിവയ്പ്പ് അടക്കമുളള ചികിത്സകൾ നൽകാൻ അനുവദിക്കൂ എന്നതിനാൽ യാത്ര ചെയ്യുമ്പോൾ ഡോക്ടർമാർ എപ്പോഴും അവരുടെ ഐഡി കൈവശം വെക്കണമെന്ന് ഡോ. ജിജി പറഞ്ഞു. സ്മാർട്ട് വാച്ച് പോലുള്ള ഗാഡ്ജെറ്റുകളും ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗപ്രദമാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. സമയോചിത ഇടപെടലിലൂടെ യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച ഡോക്ടർക്ക് എയർ ഇന്ത്യാ വിമാനത്തിലെ ജീവനക്കാരും, ക്യാപ്റ്റനും നന്ദി അറിയിച്ചു. ഫ്‌ളൈറ്റിന്റെ ക്യാപ്റ്റൻ ഡോ. ജിജിക്ക് പ്രത്യേക സമ്മാനവും നൽകി.

Related Tags :
Similar Posts