ഉത്തര പത്നിയായി നിറഞ്ഞാടി കലക്ടർ ദിവ്യാ എസ് അയ്യർ
|വിരാട രാജകുമാരനായ ഉത്തരന്റെ രണ്ട് പത്നിമാരിൽ ഒരാളെയാണ് ഡോ. ദിവ്യാ എസ് അയ്യർ വേദിയിൽ അവതരിപ്പിച്ചത്
പത്തനംതിട്ട: കഥകളി വേദിയിൽ ഉത്തര പത്നിയായി നിറഞ്ഞാടി പത്തനംതിട്ട ജില്ലാ കലക്ടർ ഡോ.ദിവ്യാ എസ് അയ്യർ. ജില്ലാ കഥകളി ക്ലബ്ലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് ആരംഭിച്ച സ്റ്റുഡൻസ് കഥകളി ക്ലബ്ലുകളുടെ ഉത്ഘാടനത്തോട് അനുബന്ധിച്ചാണ് കലക്ടർ കഥാപാത്രമായെത്തിയ കഥകളിപ്പദം അരങ്ങേറിയത്. കലക്ടറുടെ പ്രകടനത്തെ വിദ്യാർഥികളും ആവേശത്തോടെയാണ് വരവേറ്റത്.
പത്തനംതിട്ട മാർത്തോമാ ഹയർസെക്കന്ററി സ്കൂൾ ആയിരുന്നു വേദി. വിരാട രാജകുമാരനായ ഉത്തരന്റെ രണ്ട് പത്നിമാരിൽ ഒരാളെയാണ് ഡോ. ദിവ്യാ എസ് അയ്യർ വേദിയിൽ അവതരിപ്പിച്ചത്. കലക്ടറുടെ പ്രകടനം കണ്ട് സദസ്സിൽ ആകാംക്ഷയും കൌതുകവും വിരിഞ്ഞു.
അതിശയിപ്പിക്കുന്ന പ്രകടനമാണ് കലക്ടർ കാഴ്ച വച്ചതെന്ന് കലാമണ്ഡലം വിശാഖ് പറഞ്ഞു. കലാമണ്ഡലം വിശാഖ് ഉത്തരനായും കലാമണ്ഡലം വിഷ്ണു മോൻ ഉത്തര പത്നിമാരില്‍ ഒരാളായും വേദിയിലെത്തി. ഉത്തരൻ ഒരു പത്നിക്കരികിലെത്തുമ്പോൾ ഇതര പത്നിയുടെ പരിഭവവും ഇരു പത്നിമാരുമായുള്ള ശൃഗാരവുമെല്ലാം സദസിന് ഏറെ ആസ്വാദ്യമായി. ആദ്യ ഘട്ടമെന്ന നിലയിൽ 10 സ്കൂളുകളിലാണ് വിദ്യാർഥി കഥകളി ക്ലബ് ആരംഭിച്ചത്.