അഫ്‌സാനയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചു; നാടുവിട്ട് എത്തിയത് തൊടുപുഴയിൽ, കഴിഞ്ഞത് കറന്‍റും റേഞ്ചുമില്ലാത്ത വീട്ടിൽ
|തൊടുപുഴ ഡിവൈ.എസ്.പി ഓഫിസിലെ ഉദ്യോഗസ്ഥനായ ജയ്‌മോൻ ആണ് നൗഷാദ് തിരോധാനക്കേസിന്റെ ചുരുളഴിച്ചത്. ജയ്‌മോന്‍റെ ബന്ധുവാണ് പത്രവാർത്ത കണ്ട് വിവരം അറിയിച്ചത്
കോന്നി: ഒന്നര വർഷംമുൻപ് കാണാതായ ശേഷം തൊടുപുഴയിൽനിന്ന് ഇന്നു കണ്ടെത്തിയ നൗഷാദ് ക്രൂരമായ മർദനത്തിനിരയായിരുന്നുവെന്ന് പൊലീസ്. ഭാര്യയും നൂറനാട് സ്വദേശിയുമായ അഫ്‌സാനയും സുഹൃത്തുക്കളും ചേർന്നാണ് പത്തനംതിട്ട പരുത്തിപ്പാറയിലെ വാടകവീട്ടിൽ വച്ച് ക്രൂരമായി ആക്രമിച്ചത്. മർദനത്തിൽ നൗഷാദ് അബോധാവസ്ഥയിലായതോടെ മരിച്ചെന്നു കരുതി ഇവർ വീട്ടിൽനിന്നു രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പത്രവാർത്ത വഴിത്തിരിവായി; ചുരുളഴിച്ചത് തൊടുപുഴയിലെ പൊലീസുകാരൻ
തൊടുപുഴ ഡിവൈ.എസ്.പി ഓഫിസിലെ പൊലീസ് ഉദ്യോഗസ്ഥനായ ജയ്‌മോൻ ആണ് തിരോധാനക്കേസിന്റെ ചുരുളഴിച്ചത്. ജയ്‌മോൻ താമസിക്കുന്ന തൊമ്മൻകുത്തിനടുത്ത് കട നടത്തുന്ന ബന്ധുവാണ് പത്രവാർത്ത കണ്ട് സംശയം പ്രകടിപ്പിച്ചത്.
ഇങ്ങനെയൊരാൾ ഇവിടെ താമസിക്കുന്നുണ്ടെന്നും പേര് നൗഷാദാണെന്നും പറഞ്ഞു. വീടിനടുത്തുനിന്ന് നാല് കി.മീറ്റർ അടുത്തായിരുന്നു താമസം. റേഞ്ചൊന്നുമില്ലാത്ത സ്ഥലമായിരുന്നു അത്. കറന്റ് പോലുമില്ലാത്ത സ്ഥലത്തായിരുന്നു താമസമെന്ന് ജയ്‌മോൻ പറയുന്നു.
ജയ്‌മോൻ നൗഷാദ് ജോലി ചെയ്യുന്ന സ്ഥലത്തെത്തി. യുവാവുമായി സംസാരിച്ചു. വിവരങ്ങൾ തിരക്കി. ഇതിലാണു ഭാര്യയുമായി അകന്നുകഴിയുകയാണെന്നും അവർക്കൊപ്പം ജീവിക്കാന് താൽപര്യമില്ലാത്തതിനാൽ നാടുവിട്ടതാണെന്നും വെളിപ്പെടുത്തിയത്. നാട്ടിൽ നടക്കുന്ന കേസും ബഹളവുമൊന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല. വിവരം അറിഞ്ഞപ്പോൾ കാര്യമായ ഭാവമാറ്റമൊന്നും ഉണ്ടായില്ല.
തുടർന്ന് തൊടുപുഴ ഡിവൈ.എസ്.പിയുടെ ഓഫിസിലേക്ക് നൗഷാദുമായി എത്തി. അവിടെനിന്ന് പത്തനംതിട്ട ഡിവൈ.എസ്.പി രാജപ്പനെ ബന്ധപ്പെട്ടു. ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം നൗഷാദിനെ പത്തനംതിട്ട കൂടൽ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
രൂപംമാറി തോട്ടം തൊഴിലാളിയായി ജീവിതം
2021 നവംബറിലാണ് നൗഷാദിനെ കാണാതാകുന്നത്. ആദ്യമായി മകനെ കാണാനില്ലെന്നു പറഞ്ഞ് പിതാവാണ് പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ, യുവാവിന് എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. ഭാര്യയെയും സുഹൃത്തുക്കളെയും ചോദ്യംചെയ്തതിൽനിന്നും കാര്യമായ തുമ്പുണ്ടാക്കാനായില്ല.
എന്നാൽ, പിന്നീട് ചോദ്യംചെയ്യലിൽ നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് അഫ്‌സാന പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ ഇവർ വാടകയ്ക്കു താമസിച്ചിരുന്ന അടൂർ വടക്കടത്തുകാവ് പരുത്തിപ്പാറയിലെ വീട്ടിലും പറമ്പിലും പരിസരത്തുള്ള സെമിത്തേരിയിലുമെല്ലാം കഴിഞ്ഞ ദിവസം പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇതിനിടയിലാണ് തൊടുപുഴയിൽനിന്നു കണ്ടെത്തിയത്. രൂപവും ഭാവവുമെല്ലാം മാറി തൊടുപുഴ തൊമ്മംകുത്തിനടുത്ത് കുഴിമറ്റത്താണ് നൗഷാദ് ജീവിച്ചിരുന്നത്. സാധാരണ തോട്ടം തൊഴിലാളിയെപ്പോലെയായിരുന്നു ജീവിതം. അതുകൊണ്ട് ആരും സംശയിച്ചതുമില്ല.
അഫ്‌സാനയുടെ ക്രൂരമർദനം
പൊലീസിന്റെ ചോദ്യംചെയ്യലിനു ശേഷം നടന്ന സംഭവങ്ങളെക്കുറിച്ച് നൗഷാദ് മാധ്യമങ്ങൾക്കു മുന്നിലും മനസ്സുതുറന്നു. ഭാര്യ അഫ്‌സാന ഒരുപാടുപേരെ കൂട്ടി ക്രൂരമായി മർദിച്ചെന്ന് യുവാവ് പറഞ്ഞു. മർദനത്തിൽ അബോധാവസ്ഥയിലായിരുന്നു. മരിച്ചെന്നു കരുതി അഫ്‌സാനയും കൂട്ടാളികളും സ്ഥലംവിടുകയും ചെയ്തു.
എന്നാൽ, സംഭവത്തിനു പിറ്റേ ദിവസം നൗഷാദ് നാടുവിട്ടു. വീട്ടിൽനിന്നാൽ കൊല്ലപ്പെടാൻ ഇടയുണ്ടെന്ന് ഭയന്നായിരുന്നു രക്ഷപ്പെട്ടത്. അങ്ങനെയാണ് തൊടുപുഴ തൊമ്മംകുത്തിലെത്തുന്നത്.
കുടുംബവുമായി ബന്ധപ്പെട്ടാൽ കൂടുതൽ കുഴപ്പമാകുമെന്നു ഭയന്നായിരുന്നു ജീവിതം. ഒന്നര വർഷമായി വീട്ടുകാരുമായും ആരുമായും ഒരു ബന്ധവുമില്ലായിരുന്നു. ഫോൺ ഉപയോഗിക്കുമായിരുന്നില്ല. പുറത്തുനടക്കുന്ന സംഭവവികാസങ്ങളൊന്നും അറിഞ്ഞിരുന്നില്ല.
ആറു വർഷം മുൻപാണ് നൂറനാട് സ്വദേശിയായ അഫ്‌സാനയെ നൗഷാദ് വിവാഹം കഴിക്കുന്നത്. ഇവർക്കു രണ്ടു മക്കളുണ്ട്. ഭാര്യയുമായി പലപ്പോഴും വഴക്കുണ്ടാകാറുണ്ട്. മദ്യപിച്ചതിനും ഭാര്യം വഴക്കുണ്ടാക്കിയിരുന്നു. ഇങ്ങനെ ഒരു വഴക്കിനുശേഷമാണ് പുറത്തുനിന്ന് ആളുമായി അഫ്‌സാന എത്തുന്നത്. ഇവർ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് നൗഷാദ് പറയുന്നു.
ഇനിയും തൊടുപുഴയിൽതന്നെ ജോലി ചെയ്തു ജീവിക്കാനാണ് ആഗ്രഹമെന്ന് യുവാവ് പറയുന്നു. ഭാര്യയുമായി ഒന്നിച്ചു ജീവിക്കാൻ താൽപര്യമില്ല. എന്നാൽ, കുട്ടികളെ തിരിച്ചുവേണമെന്നും മർദനത്തിലൊന്നും ഒരു പരാതിയുമില്ലെന്നും നൗഷാദ് മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞു.
Summary: Pathanamthitta Naushad missing case