പത്തനംതിട്ട നഴ്‌സിങ് വിദ്യാർഥിയുടെ മരണം: അമ്മയുടെ മൊഴി രേഖപ്പെടുത്തി, അന്വേഷണം ഊർജിതമാക്കി പൊലീസ്
|നേരത്തെ നഴ്‌സിങ് കോളജിൽ എത്തി പൊലീസ് വിദ്യാർഥികളുടെയും അധ്യാപകരുടെയും മൊഴിയെടുത്തിരുന്നു
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിയുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. മരിച്ച അമ്മു സജീവിന്റെ പോത്തൻകോട്ടെ വീട്ടിലെത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തി. നേരത്തെ നഴ്‌സിങ് കോളജിൽ എത്തിയും പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു.
പത്തനംതിട്ട പൊലീസാണു സ്ഥാപനത്തിലെത്തി വിദ്യാർഥികളുടെയും അധ്യാപകരുടെയും മൊഴിയെടുത്തത്. വിദ്യാർഥിയുടെ മരണത്തിൽ അന്വേഷണം നടത്താൻ നേരത്തെ മന്ത്രി വീണാ ജോർജ് ആരോഗ്യ സർവകലാശാലയ്ക്കു നിർദേശം നൽകിയിരുന്നു.
മരിച്ച അമ്മു സജീവിന്റെ അച്ഛന്റെ പരാതി നേരത്തെ തന്നെ രേഖാമൂലം ലഭിച്ചതായി ചുട്ടിപ്പാറയിലെ നഴ്സിങ് കോളജ് പ്രിൻസിപ്പൽ അബ്ദുൽസലാം വെളിപ്പെടുത്തിയത്. ഇതിൽ മൂന്നു കുട്ടികൾക്ക് മെമ്മോ നൽകുകയും ചെയ്തിരുന്നു. കോളജിന്റെ ഭാഗത്തുനിന്ന് നടപടികളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട നാലു വിദ്യാർഥികളും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.
ആത്മഹത്യ ചെയ്യാനുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ക്ലാസ് ടീച്ചർ സബിതാ ഖാൻ പറഞ്ഞു. കുട്ടികൾ തമ്മിലുള്ള പ്രശ്നങ്ങൾ ക്ലാസിൽ തന്നെ പറഞ്ഞുതീർത്തതാണ്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. നാലുപേരും ഉറ്റ ചങ്ങാതിമാരായിരുന്നുവെന്നും സബിത പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹോസ്റ്റലിന്റെ മുകളിൽനിന്നു താഴേക്കു ചാടിയാണ് തിരുവനന്തപുരം സ്വദേശിയായ അമ്മു സജീവ് മരിച്ചത്. പ്രാഥമികാന്വേഷണത്തിൽ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. അമ്മു ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്.
സ്ഥിരമായി റാഗിങ്ങും വ്യക്തിഹത്യയും നേരിട്ടെന്നും മകളുടെ മുറിയിൽ സഹപാഠികൾ അതിക്രമിച്ചുകയറാൻ ശ്രമിച്ചെന്നും കുടുംബം ആരോപിക്കുന്നു. ഇതോടെയാണ് വിശദമായി മൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്.
Summary: Police intensifies investigation into the death of a nursing student in Pathanamthitta. Police recorded Ammu Sajeev's mother's statement from her house in Pothencode