വിവാദങ്ങള്‍ക്കിടെ പത്തനംതിട്ട എസ്.പി സുജിത് ദാസ് അവധിയിൽ പ്രവേശിച്ചു
|തന്നെ കാണാനെത്തിയ സുജിത് ദാസിന് എ.ഡി.ജ.പി മുഖം നൽകിയിരുന്നില്ല
തിരുവനന്തപുരം: പത്തനംതിട്ട എസ്.പി സുജിത് ദാസ് അവധിയിൽ പ്രവേശിച്ചു. മൂന്നുദിവസത്തേക്കാണ് അവധി അപേക്ഷ നൽകിയത്. ഫോൺ സംഭാഷണം പുറത്തായതിന് തൊട്ടുപിന്നാലെയാണിത്. തന്നെ കാണാനെത്തിയ സുജിത് ദാസിന് എ.ഡി.ജ.പി മുഖം നൽകിയിരുന്നില്ല.
അതേസമയം പി.വി അൻവര്‍ എം.എല്‍.എയും എസ്.പി സുജിത് ദാസുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ വകുപ്പുതല അന്വേഷണമുണ്ടാകും. സംഭാഷണം സുജിത് ദാസിന്‍റേതെതെന്ന് കണ്ടെത്തിയാൽ നടപടിക്ക് ആലോചന. അതേസമയം അന്വേഷണം ആവശ്യപ്പെട്ട് എ.ഡി.ജി.പി എം.ആർ.അജിത് കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകി.
കഴിഞ്ഞ ദിവസമാണ് മലപ്പുറം മുൻ ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസും പി.വി അൻവർ എം.എൽ.എയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായത്. നിലവിൽ എസ്പി ഓഫീസിൽ നൽകിയ മരം മുറി പരാതി പിൻവലിക്കണമെന്ന് സുജിത് ദാസ് ആവശ്യപ്പെടുന്നതാണ് സംഭാഷണത്തിലുള്ളത്. പരാതി തനിക്ക് എതിരായി വരുമെന്നും അതിനാൽ പരാതി പിൻവലിക്കണമെന്നും അദ്ദേഹം എം.എൽ.എയോട് ആവശ്യപ്പെടുന്നുണ്ട്.