സജി ചെറിയാന്റെ രാജി: പ്രതിസന്ധിയിലായി പത്തനംതിട്ട ജില്ലാ കമ്മറ്റി
|മല്ലപ്പള്ളിയിലെ പ്രസംഗം വിവാദമായതിന് പിന്നില്‍ പ്രാദേശിക വിഭാഗീയതയാണന്ന ആരോപണമാണ് ജില്ലാ കമ്മറ്റിക്ക് തലവേദനയാകുന്നത്.
പത്തനംതിട്ട: മന്ത്രിസ്ഥാനത്ത് നിന്നുള്ള സജി ചെറിയാന്റെ രാജിക്ക് പിന്നാലെ പ്രതിസന്ധിയിലായി സി.പി.എം പത്തനംതിട്ട ജില്ലാ നേതൃത്വം. മല്ലപ്പള്ളിയിലെ പ്രസംഗം വിവാദമായതിന് പിന്നില്‍ പ്രാദേശിക വിഭാഗീയതയാണന്ന ആരോപണമാണ് ജില്ലാ കമ്മറ്റിക്ക് തലവേദനയാകുന്നത്. അതേസമയം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ സജിയുടെ രാജി ആലപ്പുഴയിൽ കാര്യമായ പ്രശ്നങ്ങളുണ്ടാക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഭരണഘടനാ വിരുദ്ധ പ്രസംഗം വിവാദമായത് മുതല്‍ മന്ത്രിയെ ന്യായീകരിക്കുകയായിരുന്നു പത്തനംതിട്ടയിലെ സിപിഎം പ്രവർത്തകരൊന്നാകെ. എന്നാല്‍ ആദ്യഘട്ടത്തില്‍ മന്ത്രിയെ സംരക്ഷിച്ച സംസ്ഥാന നേതൃത്വവും കേന്ദ്ര നേതാക്കളും നിലപാട് മാറ്റിയതോടെയാണ് ജില്ലാ നേതൃത്വം വെട്ടിലായത്. കഴിഞ്ഞ ദിവസം നടന്ന ഏരിയാ കമ്മറ്റിയില്‍ പ്രസംഗം വിവാദമായത് മല്ലപ്പള്ളിയിലെ വിഭാഗീയത മൂലമാണന്ന് ആരോപണങ്ങള്‍ ഉയർന്നിരുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച മാധ്യമ വാർത്തകള്‍ തെറ്റാണന്ന് ജില്ലാ സെക്രട്ടറി വിശദീകരിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ രാജി. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ മന്ത്രി രാജി വെക്കേണ്ടിവന്ന സാഹചര്യം വിശദമായി പരിശോധിക്കുകയാണ് സംസ്ഥാന നേതൃത്വം. ഈ സാഹചര്യത്തിലാണ് പത്തനംതിട്ടയില്‍ നിന്ന് തുടക്കമിട്ട വിവാദം ജില്ലയിലെ പാർട്ടി നേതൃത്വത്തിന് തലവേദനയാകുന്നത്. നിലവിലെ സംഭവങ്ങളില്‍ ജാഗ്രതയോടെ ഇടപെടുന്ന സിപിഎം വിവാദങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നുറപ്പാണ്.
അതേസമയം വിഭാഗീയത ശക്തമായിരുന്ന ആലപ്പുഴ ജില്ലാ കമ്മറ്റിയില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗമായ സജി ചെറിയാന്റെ രാജി കാര്യമായ പ്രശ്നങ്ങളുണ്ടാക്കാനിടയില്ല. മുതിർന്ന നേതാവ് ജി സുധാകരന് പിന്നാലെ ജില്ലയിലെ പാർട്ടിയുടെ അവസാനവാക്കായി സജി ചെറിയാന്‍ മാറിയതാണ് ഇതിന് കാരണം. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ മുതലാക്കി മറുപക്ഷം നീക്കങ്ങള്‍ ആരംഭിച്ചാല്‍ ഒരിടവേളക്ക് ശേഷം ആലപ്പുഴയിലെ പാർട്ടിയിലും അപസ്വരങ്ങളുയരാന്‍ സാധ്യതകളേറെയാണ്.