ആംബുലൻസ് വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
|അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി
പറവൂര്‍: മുൻകൂർ പണം നൽകാതെ ആംബുലൻസ് എടുക്കില്ലെന്ന ഡ്രൈവറുടെ പിടിവാശി മൂലം രോഗി മരിച്ചെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് . അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
മുൻകൂർ പണം നൽകാതെ ആംബലൻസ് എടുക്കില്ലെന്ന ഡ്രൈവറുടെ പിടിവാശി മൂലം രോഗി മരിച്ചതായാണ് പരാതി ഉയര്‍ന്നത്. പനിയെ തുടർന്ന് ഗുരുതരാവസ്ഥയിലായ പറവൂർ സ്വദേശി അസ്മയാണ് മരിച്ചത്. രോഗിയുടെ ബന്ധുകളുടെ പരാതിയിൽ ആംബലൻസ് ഡ്രൈവർ ആന്റണിയെ സസ്പെൻഡ് ചെയ്തിരുന്നു.
പനിബാധിച്ച് ഗുരുതരാവസ്ഥയിലായ അസ്മയെ രാവിലെ എട്ട് മണിക്കാണ് പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർ പരിശോധിച്ച ശേഷം ഉടനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. തുടർന്ന് അസ്മയെ കൊണ്ടുപോകാനായി ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബലൻസിൽ കയറ്റിയതിന് ശേഷമായിരുന്നു ഡ്രൈവറുടെ പിടിവാശി. ആംബുലൻസ് വാടകയായ 900 രൂപ മുൻകൂറായി നൽകിയാലെ വാഹനം എടുക്കൂ എന്ന് ഡ്രൈവർ നിലപാട് എടുത്തു. പണം എറണാകുളത്ത് എത്തിയിട്ട് നൽകാം എന്ന് അറിയിച്ചെങ്കിലും വാഹനം എടുക്കാൻ ഡ്രൈവർ കൂട്ടാക്കിയിലെന്ന് ബന്ധക്കുളുടെ പരാതിയിൽ പറയുന്നു.
അരമണിക്കൂറിന് ശേഷം ബന്ധുക്കൾ പണം സംഘടിപ്പിച്ച് നൽകിയ ശേഷമാണ് ഡ്രൈവർ ആംബലൻസ് എടുത്തത്.അസ്മയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചങ്കിലും ഏതാനും മിനുറ്റുകൾക്കകം മരിക്കുകയായിരുന്നു.
Watch Video