ജോസ് കെ മാണി തോറ്റാൽ പാതി മീശ വടിക്കുമെന്ന് ബെറ്റ്; വാക്ക് പാലിച്ച് പൗലോസ് കടമ്പംകുഴി
|ജോസ് കെ മാണിയും സ്റ്റീഫന്‍ ജോര്‍ജും വിജയിക്കുമെന്നും അവർ തോറ്റാൽ തന്റെ പാതി മീശ വടിക്കുമെന്നുമായിരുന്നു പൗലോസിന്റെ ബെറ്റ്
നിയമസഭ തെരഞ്ഞെടുപ്പിൽ പാലായിൽ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി. വലിയ വിജയപ്രതീക്ഷയുണ്ടായിരുന്ന മണ്ഡലത്തിലാണ് ജോസ് കെ. മാണിയുടെ പരാജയം. എന്നാൽ ജോസ് എന്തായാലും വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന കെ.ടി.യു.സി.എം കോട്ടയം ജില്ലാ പ്രസിഡൻറ് പൗലോസ് കടമ്പംകുഴി സുഹൃത്തുമായി ബെറ്റ് വെച്ചിരുന്നു. ജോസ് കെ മാണിയും സ്റ്റീഫന്‍ ജോര്‍ജും വിജയിക്കുമെന്നും അവർ തോറ്റാൽ തന്റെ പാതി മീശ വടിക്കുമെന്നുമായിരുന്നു പൗലോസിന്റെ ബെറ്റ്. തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഇരുവരും പരാജയപ്പെടുകയും ചെയ്തു. പറഞ്ഞ വാക്ക് പാലിച്ച് പൗലോസ് കടമ്പംകുഴി പാതി മീശ വടിച്ചു.
'ഇന്നലെ വന്ന തെരഞ്ഞെടുപ്പില്‍ എന്റെ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയും എന്റെ നിയോജകണ്ഡലം സ്ഥാനാര്‍ത്ഥി സ്റ്റീഫന്‍ ജോര്‍ജും പരാജയപ്പെട്ടു. എന്റെ ഒരു സ്‌നേഹിതനുമായി ഇരുവരുടേയും വിജയം ഉറപ്പാണെന്ന് പറഞ്ഞ് ബെറ്റ് വെച്ചിരുന്നു. ഇവരുടെ പരാജയം ഉള്‍കൊണ്ട് കൊണ്ട് മീശ പാതി വടിച്ചു കളഞ്ഞിരിക്കുകയാണ്. ജീവിതത്തില്‍ ആദ്യമായി മീശവടിച്ചു. ഇതുകൊണ്ടാന്നും തളരില്ല. പരാജയം വിജയത്തിന്റെ മുന്നോടിയാണ്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി പോലും പരാജയപ്പെട്ടിട്ടുണ്ട്. പൊതു പ്രവര്‍ത്തനത്തില്‍ സജീവമായി ഉണ്ടാവും.' -പൗലോസ് കടമ്പംകുഴി പ്രതികരിച്ചു.
പാലയില്‍ 11,246 വോട്ടുകളുടെ ഞെട്ടിക്കുന്ന ഭൂരിപക്ഷമായിരുന്നു മാണി സി.കാപ്പന് ലഭിച്ചത്. കാപ്പന് ആകെ 67638 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ജോസ് കെ മാണിക്ക് 52697 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.