പയ്യന്നൂർ പാർട്ടി ഫണ്ട് വിവാദത്തിൽ സി.പി.എം നടത്തിയ അനുനയ നീക്കങ്ങളെല്ലാം പരാജയം
|പാർട്ടി ഓഫീസ് ഉദ്ഘാടനത്തിന്റെ പ്രോഗ്രാം നോട്ടീസിൽ പേരുണ്ടായിട്ടും നേതാക്കൾക്കൊപ്പം വേദി പങ്കിടാൻ കുഞ്ഞികൃഷ്ണൻ തയ്യാറായില്ല.
കണ്ണൂര്: പയ്യന്നൂർ പാർട്ടി ഫണ്ട് വിവാദത്തിൽ സിപിഎം നടത്തിയ അനുനയ നീക്കങ്ങൾ എല്ലാം പരാജയം. വെള്ളൂരിലെ പാർട്ടി ഓഫിസ് ഉദ്ഘാടന വേദിയിൽ നേതാക്കൾക്കൊപ്പം വേദി പങ്കിടാൻ മുൻ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണൻ വിസമ്മതിച്ചു. കഥകളും വ്യാജ വാർത്തകളും ചമച്ച് പയ്യന്നൂരിലെ പാർട്ടിയെ തകർക്കാമെന്ന് കരുതേണ്ടെന്ന് പി.ബി അംഗം എ വിജയരാഘവൻ പറഞ്ഞു.
ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും പാർട്ടി നടപടി എടുത്ത് നീക്കിയ വി കുഞ്ഞികൃഷ്ണൻ പ്രതിക്ഷേധം പരസ്യമായി പ്രകടിപ്പിച്ച് സദസിന്റെ മുൻ നിരയിലുണ്ടായിരുന്നു. പാർട്ടി ഓഫീസ് ഉദ്ഘാടനത്തിന്റെ പ്രോഗ്രാം നോട്ടീസിൽ പേരുണ്ടായിട്ടും നേതാക്കൾക്കൊപ്പം വേദി പങ്കിടാൻ കുഞ്ഞികൃഷ്ണൻ തയ്യാറായില്ല. ഉദ്ഘാടന വേളയിലും അദ്ദേഹം പിന്നോട്ട് മാറി നിന്നു. ഉദ്ഘാടന പ്രസംഗത്തിലെ എ വിജയ രാഘവന്റെ പരാമർശം ഒഴിച്ചാൽ പയ്യന്നൂരിലെ സംഘടനാ പ്രശ്നങ്ങളെ കുറിച്ച് മറ്റ് നേതാക്കൾ ആരും പ്രതികരിച്ചില്ല.
ഇതിനിടെ കുഞ്ഞികൃഷ്ണനുമായി എ വിജയരാഘവൻ നേരത്തെ നടത്താൻ നിശ്ചയിച്ചിരുന്ന കൂടികാഴ്ച അവസാന നിമിഷം ഉപേക്ഷിച്ചു. ജില്ലാ സെക്രട്ടറിയുടെ ഫോണിൽ നിന്നും വിജയരാഘവൻ കുഞ്ഞികൃഷ്ണനുമായി സംസാരിച്ചെങ്കിലും മുൻ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം അറിയിച്ചതോടെയാണ് കൂടികാഴ്ച വേണ്ടെന്ന് വെച്ചത്. വെള്ളൂരിലെ പാർട്ടി വേദിയിൽ ഇരു വിഭാഗങ്ങളെയും ഒന്നിച്ച് കൊണ്ടുവരാൻ കഴിഞ്ഞത് നേട്ടമായെങ്കിലും വരും ദിവസങ്ങളിൽ പ്രതിക്ഷേധം പരിധി വിടുമോ എന്ന ഭയം നേതൃത്വത്തിനുണ്ട്. അതുകൊണ്ട് തന്നെ ഈ മാസം അവസാനം നടക്കുന്ന സംസ്ഥാന കമ്മിറ്റി പയ്യന്നൂർ വിഷയത്തിൽ എന്ത് നിലപാടെടുക്കും എന്നത് നിർണായകമാണ്.