പയ്യാമ്പലത്തെ അതിക്രമം: പ്രതി പിടിയിലായതോടെ ആരോപണങ്ങൾക്ക് വിരാമം
|സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും കലാപ ശ്രമമാണെന്നുമായിരുന്നു സി.പി.എം ആരോപണം
കണ്ണൂർ: പയ്യാമ്പലത്ത് നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയിലായതോടെ സി.പി.എം ഉയർത്തിയ ആരോപണങ്ങൾക്കുകൂടിയാണ് തിരശ്ശീല വീണത്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും കലാപ ശ്രമമാണെന്നുമായിരുന്നു സി.പി.എം ആരോപണം.
മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ, കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയ നേതാക്കളുടെ സ്മാരകങ്ങൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. രാഷ്ട്രീയത്തിനപ്പുറം സി.പി.എമ്മിനത് വൈകാരിക വിഷയമായിരുന്നു. സംസ്ഥാന സെക്രട്ടറി അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രതിഷേധവുമായി പയ്യാമ്പലത്തെത്തി. പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്നും ആരോപണമുന്നയിച്ചു.
പിന്നിൽ ആരെന്ന് സി.പി.എം പേരെടുത്ത് ആരോപിച്ചില്ലെങ്കിലും യു.ഡി.എഫിന് അപകടം മണത്തു. പിന്നാലെ ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവരും പയ്യാമ്പലത്തെത്തി. ഗൂഢാലോചന നടന്നെങ്കിൽ അന്വേഷിക്കണമെന്നായി യു.ഡി.എഫ്
തെരഞ്ഞെടുപ്പ് കാലമാണ്. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് കണ്ടതോടെ പൊലീസും ഉണർന്ന് പ്രവർത്തിച്ചു. എ.സി.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം. 24 മണിക്കൂറിനുള്ളിൽ പ്രതി വലയിൽ.
നഗരത്തിൽ പഴയ കുപ്പികൾ പെറുക്കി വിറ്റ് ഉപജീവനം നടത്തുന്ന പ്രതിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലന്ന് കണ്ടെത്തിയതോടെ പൊലീസിന് ആശ്വാസം. സ്മൃതി മണ്ഡപത്തിനെതിരായ അതിക്രമത്തെ ചൊല്ലി തെരഞ്ഞെടുപ്പ് കാലത്ത് പഴികേൾക്കേണ്ടി വരില്ലെന്ന കാര്യത്തിൽ സി.പി.എമ്മിന്റെ രാഷ്ട്രീയ എതിരാളികൾക്കും അതിലേറെ ആശ്വാസം.