നഴ്‌സിങ് ഓഫീസർ പി.ബി അനിതക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ നിയമനം നൽകും
|അനിതക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ നിയമനം നൽകിയതിന് പിന്നാലെ ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹരജി നൽകി.
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യുവിൽ പീഡിപ്പിക്കപ്പെട്ട യുവതിക്ക് അനുകൂല നിലപാട് എടുത്തതിന്റെ പേരിൽ സ്ഥലം മാറ്റപ്പെട്ട സീനിയർ നഴ്‌സിങ് ഓഫീസർ പി.ബി അനിതക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ നിയമനം നൽകും. ഉടൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അനിതയെ ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി ഉത്തരവ് നടപ്പാക്കിയില്ല. തുടർന്ന് മെഡിക്കൽ കോളജിൽ അനിത സമരം തുടങ്ങി. അനിതയുടെയും അവരെ പിന്തുണച്ചുള്ള അതിജീവിതയുടെയും സമരം വലിയ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് അനിതക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ നിയമനം നൽകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്.
അതിനിടെ അനിതക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ നിയമനം നൽകിയതിന് പിന്നാലെ ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹരജി നൽകി. മാർച്ച് ഒന്നിനായിരുന്നു അനിതയെ കോഴിക്കോട്ട് നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇത് പുനഃപരിശോധിക്കണമെന്നാണ് സർക്കാർ ആവശ്യം. സമാന തസ്തികയിലുള്ള 18 പേർ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റം ആവശ്യപ്പെട്ടിട്ടുണ്ട്. അവരിൽ പലരുടെയും പുറത്തെ സേവന കാലയളവ് കൂടുതലാണ്. അതിനാൽ മുൻ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് സർക്കാർ വാദം.