തുഷാർ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിൽനിന്നു വിട്ടുനിന്ന് പി.സി ജോർജ്; കോട്ടയത്ത് എൻ.ഡി.എയില്‍ കടുത്ത ചേരിപ്പോര്
|മുതിർന്ന നേതാവ് എന്ന നിലയിൽ മുന്നണി പരിപാടികളിൽ പങ്കെടുക്കേണ്ടത് പി.സി ജോർജിന്റെ ഉത്തരവാദിത്തമാണെന്ന് ബി.ഡി.ജെ.എസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു
കോട്ടയം: ജില്ലയില്‍ എൻ.ഡി.എ മുന്നണിയില്‍ കടുത്ത ചേരിപ്പോര്. തുഷാർ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിൽനിന്ന് പി.സി ജോർജ് വിട്ടുനിന്നു. ജോര്‍ജും തുഷാറും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ബി.ജെ.പി ശ്രമം പാളിയിരിക്കുകയാണ്. ബി.ഡി.ജെ.എസ് കൂടിയാലോചനകളില്ലാതെ പ്രവർത്തിക്കുന്നതായി ബി.ജെ.പി പ്രദേശിക നേതാക്കൾക്കും വിമർശനമുണ്ട്.
കോട്ടയത്ത് എൻ.ഡി.എ സ്ഥാനാർഥിയായി തുഷാർ വെള്ളാപ്പള്ളിയുടെ പേര് പ്രഖ്യാപിച്ചിട്ട് ഒരാഴ്ച പിന്നിട്ടു. റോഡ് ഷോ അടക്കമുള്ള പരിപാടികളുമായി തുഷാർ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്. എന്നാൽ, അടുത്തിടെ ബി.ജെ.പി പാളയത്തിൽ എത്തിയ പി.സി ജോർജ് തുഷാറിന്റെ പരിപാടികളിൽ ഇതുവരെ പങ്കെടുക്കാൻ തയാറായിട്ടില്ല. ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് പി.സി ജോർജിനോട് അടുപ്പമുള്ളവർ വ്യക്തമാക്കുന്നത്.
മുതിർന്ന നേതാവ് എന്ന നിലയിൽ മുന്നണി പരിപാടികളിൽ പങ്കെടുക്കേണ്ടത് പി.സി ജോർജിന്റെ ഉത്തരവാദിത്തമാണെന്ന് ബി.ഡി.ജെ.എസ് നേതൃത്വവും ചൂണ്ടിക്കാട്ടുന്നു. പത്തനംതിട്ട സീറ്റ് പ്രതീക്ഷിച്ചിരുന്ന പി.സി ജോർജ് അനില്‍ ആന്റണിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ അതൃപ്തി പരസ്യമാക്കിയിരുന്നു. കോട്ടയത്ത് തുഷാറിൻറെ വരവും ജോര്‍ജിനെ അസ്വസ്ഥനാക്കി.
അതിനിടയിൽ മറ്റു ജില്ലകളിൽ എൻ.ഡി.എ പരിപാടികളിൽ പി.സി ജോർജ് പങ്കെടുക്കുന്നുണ്ട്. ജനപക്ഷം പാർട്ടി പിരിച്ചുവിട്ട് ബി.ജെ.പിയിൽ ലയിച്ചത് ജോര്‍ജിന് വിനയായതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. വിലപേശൽ ശക്തിയായതിനാല്‍ പി.സി ജോർജിനെ ബി.ജെ.പി കാര്യമായി പരിഗണിക്കുന്നില്ലെന്ന വിമർശനവും ശക്തമാണ്.
Summary: PC George abstained from Thushar Vellappally's campaign as strong rift in Kottayam NDA has came out