'പിണറായിയുടെ പിന്നാലെയുള്ള വീണയുടെ യാത്രകൾ അന്വേഷിക്കണം'; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വീണ്ടും പി.സി ജോർജ്
|തന്നെ നിരന്തരമായി അപകീർത്തിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പി.സി ജോർജ് ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ നഷ്ടപരിഹാരക്കേസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം: മുഖ്യമന്ത്രിക്കും മകൾ വീണ വിജയനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി പി.സി ജോർജ്. പിണറായിയും മകളും വലിയ സാമ്പത്തിക റാക്കറ്റിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി അമേരിക്കയിൽ പോയി വന്നാൽ പിന്നാലെ വീണയും പോവും. മുഖ്യമന്ത്രി ഗൾഫിൽ പോയപ്പോഴും ഓസ്‌ട്രേലിയയിൽ പോയപ്പോഴും മകളും പിന്നാലെ പോയത് എന്തിനാണെന്നും പി.സി ജോർജ് ചോദിച്ചു.
തന്നെ നിരന്തരമായി അപകീർത്തിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പി.സി ജോർജ് ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ നഷ്ടപരിഹാരക്കേസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും ഫാരിസ് അബൂബക്കറും മകൾ വീണ വിജയനും ഒരുമിച്ചുള്ള സാമ്പത്തിക റാക്കറ്റാണ് ഇവിടെ പ്രവർത്തിക്കുന്നത്. വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ ഇ.ഡി അന്വേഷിക്കണം. പ്രധാനമന്ത്രിയെ അടക്കം കണ്ട് സമഗ്രമായ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയിൽ ഇന്നലെ ഉച്ചക്കാണ് ജോർജിനെ അപ്രതീക്ഷിതമായി തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. രാത്രിയോടെ കോടതി ജോർജിന് ജാമ്യം അനുവദിച്ചു. ഫാരിസ് അബൂബക്കറുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്നും വീണ വിജയനും ഫാരിസ് അബൂബക്കറും തമ്മലുള്ള സാമ്പത്തിക ഇടപാടുകൾ ഇ.ഡി അന്വേഷിക്കണമെന്നും കഴിഞ്ഞ ദിവസവും പി.സി ജോർജ് ആവശ്യപ്പെട്ടിരുന്നു.