തിരുവനന്തപുരം വിദ്വേഷ പ്രസംഗം; പി.സി ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍
|ജോര്‍ജിനെ പൊലീസ് വാഹനത്തില്‍ ഐ.ജി ഓഫിസിലേക്ക് മാറ്റി
എറണാകുളം: തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍.പി.സി ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍. ജോര്‍ജിനെ പൊലീസ് വാഹനത്തില്‍ ഐ.ജി ഓഫിസിലേക്ക് മാറ്റി. വിഴിഞ്ഞം സി.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജോര്‍ജിനെ അറസ്റ്റ് ചെയ്യാനായി വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ടു. ജോര്‍ജിന്റെ ജാമ്യം ഇന്ന് ഉച്ചയോടെയാണ് കോടതി റദ്ദാക്കിയത്. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ഉത്തരവിട്ടിരുന്നു.
ഏപ്രിൽ 29 ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി സി ജോർജിന്റെ വിവാദ പ്രസംഗം. ഇതിനെത്തുടര്‍ന്ന് മെയ് ഒന്നിന് പി.സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും മജിസ്ട്രേറ്റ് ജോർജിന് ഉപാധികളോടെ ജാമ്യം നൽകുകയായിരുന്നു. ജാമ്യം ലഭിച്ച ശേഷം പി.സി ജോർജ് നടത്തിയ പരാമർശങ്ങൾ പലതും ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കേസിനോട് സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, സമാനമായ കുറ്റം ആവർത്തിക്കരുത് ഇതൊക്കെയായിരുന്നു ജാമ്യ ഉപാധികൾ. എന്നാല്‍ ജാമ്യം ലഭിച്ചതിന് ശേഷവും പരമാർശങ്ങളിൽ ഉറച്ചു നിൽക്കുന്നതായാണ് പി സി ജോർജ് പ്രതികരിച്ചത്. ജോർജ് നടത്തിയ പരാമർശങ്ങൾ ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പി.സി ജോർജ് ഇന്ന് ഹാജരായി. ബി.ജെ.പി നേതാക്കന്മാരും അണികളും ചേര്‍ന്ന് വന്‍ വരവേല്‍പ്പാണ് പാലാരിവട്ടത്ത് ജോര്‍ജിന് നല്‍കിയത്. വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജിന് നേരത്തേ ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.