'മുസ്‌ലിംകളുടെ ഹോട്ടലുകൾ ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ടു'; യു.എസ് റിപ്പോർട്ടിൽ പി.സി ജോർജിന്റെ മുസ്‌ലിം വിരുദ്ധ പരാമർശവും
|കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി.സി ജോർജിന്റെ വിദ്വേഷപരാമർശം.
വാഷിങ്ടൺ: ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ സംബന്ധിച്ച് യു.എസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പി.സി ജോർജിന്റെ മുസ്‌ലിം വിരുദ്ധ പരാമർശവും. മുസ്‌ലിംകൾക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശങ്ങളെ കുറിച്ചുള്ള ഭാഗത്താണ് പി.സി ജോർജിന്റെ പ്രസ്താവനയും ഉൾപ്പെടുത്തിയത്. മുൻ നിയമസഭാംഗം കൂടിയായ പി.സി ജോർജ് മുസ്‌ലിംകൾ നടത്തുന്ന ഹോട്ടലുകൾ ബഹിഷ്‌കരിക്കാൻ ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടും ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി.സി ജോർജിന്റെ വിദ്വേഷപരാമർശം. മുസ്‌ലിംകൾ നടത്തുന്ന ഹോട്ടലുകളിൽ ഒരു ഫില്ലർ ഉപയോഗിച്ച് ചായയിൽ ഒരു മിശ്രിതം ചേർക്കുന്നുണ്ടെന്നും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വന്ധ്യംകരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നുമായിരുന്നു പി.സി ജോർജ് പറഞ്ഞത്.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തിങ്കളാഴ്ച പുറത്തുവിട്ട 'അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ട്-2022' ലാണ് ഇന്ത്യയിലെ ന്യൂനപക്ഷ വിരുദ്ധ ആക്രമണങ്ങൾ അക്കമിട്ട് നിരത്തുന്നത്. ഇന്ത്യയിൽ മുസ്‌ലിംകളും ക്രൈസ്തവും നിരന്തരം ആക്രമണങ്ങൾക്ക് ഇരയാവുകയാണെന്നും ഇത് നിയന്ത്രിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
മുസ്‌ലിംകൾക്കെതിരായ വംശഹത്യാ ആഹ്വാനങ്ങൾ, യു.പിയിലെ ബുൾഡോസർ രാജ്, ഗുജറാത്തിൽ മുസ്‌ലിം യുവാക്കളെ പരസ്യമായി കെട്ടിയിട്ട് മർദിച്ച സംഭവം, കർണാടകയിലെ ഹിജാബ് നിരോധനം, മതപരിവർത്തനത്തിന്റെ പേരിൽ ക്രിസ്താനികൾക്കെതിരെ നടക്കുന്ന അതിക്രമം, ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കെതിരെ നടക്കുന്ന ആക്രമണം, അസമിലെ മദ്രസകൾ തകർക്കൽ, നുപൂർ ശർമയുടെ പ്രവാചക നിന്ദാ പരാമർശം തുടങ്ങിയവയും റിപ്പോർട്ടിലുണ്ട്.
അതേസമയം, റിപ്പോർട്ടിനെതിരെ ഇന്ത്യ രംഗത്തെത്തി. റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദർശിക്കാനിരിക്കെയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.