Kerala
ചോറ്, സാമ്പാർ, അവിയൽ, തൈര്; ജയിൽഭക്ഷണം കഴിച്ച് പി.സി ജോർജ്
Kerala

ചോറ്, സാമ്പാർ, അവിയൽ, തൈര്; ജയിൽഭക്ഷണം കഴിച്ച് പി.സി ജോർജ്

Web Desk
|
26 May 2022 3:48 PM GMT

പൂജപ്പുരയിലെ ആശുപത്രി സെല്ലിൽ കിടക്ക, ഫാൻ, മേശ, കസേര തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗക്കേസിൽ റിമാൻഡിലുള്ള പി.സി ജോർജ് ഇന്ന് കഴിച്ചത് ജയിൽ മെനുവിലുള്ള ഭക്ഷണം. ചോറ്, സാമ്പാർ, അവിയൽ, തൈര് എന്നിവയായിരുന്നു ജില്ലാ ജയിലിൽനിന്ന് ജോർജ് കഴിച്ചത്. അതിനിടെ, ജില്ലാ ജയിലിൽനിന്ന് അദ്ദേഹത്തെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

ആരോഗ്യ പ്രശ്‌നങ്ങളും സുരക്ഷയും കണക്കിലെടുത്താണ് ജോർജിനെ ജില്ലാ ജയിലിനു തൊട്ടടുത്തുള്ള സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. പൂജപ്പുരയിലെ ആശുപത്രി സെല്ലിലാണ് അദ്ദേഹമുള്ളത്. ഇവിടെ കിടക്ക, ഫാൻ, മേശ, കസേര തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഡോക്ടർമാരുടെ നിർദേശമുള്ളതിനാൽ ഓക്‌സിജൻ മാസ്‌ക് ഉപയോഗിക്കാനും അനുമതിയുണ്ട്.

ഉച്ചയ്ക്കാണ് ചോറും സാമ്പാറും അവിയലും ചേർന്നുള്ള ഭക്ഷണം. വൈകീട്ട് ചപ്പാത്തിയും വെജിറ്റബിൾ കറിയുമാണ് നൽകിയത്. ചായയും കുടിച്ചു. സെല്ലിൽ വായിക്കാനായി മാസികകൾ നൽകിയിട്ടുണ്ട്.

അതിനിടെ, മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.സി ജോർജ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ജാമ്യം റദ്ദാക്കിയ ഉത്തരവ് നിയമപരമല്ലെന്ന് ഹരജിയിൽ പറയുന്നു. നാളെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പുതിയ ഹരജി.

അനന്തപുരി ഹിന്ദു മഹാസമ്മേളനം, വെണ്ണല എന്നിവിടങ്ങളിൽ നടത്തിയ വിദ്വേഷ പ്രസംഗക്കേസുകളിലാണ് ഇന്നലെ പി.സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അനന്തപുരി വിദ്വേഷ പ്രസംഗത്തിൽ കോടതി ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.

Summary: PC George eats prison food

Similar Posts