ആരോഗ്യ പ്രശ്നമുള്ളതിനാൽ പൊലീസ് സ്റ്റേഷനിലെത്താനാകില്ലെന്ന് പി.സി ജോർജ്; നാളെ തൃക്കാക്കരയിൽ എത്തും
|ഹാജരാകുന്നതിലുള്ള അസൗകര്യം ചൂണ്ടിക്കാട്ടി ഫോർട്ട് എ.സി.പിക്ക് പി.സി.ജോർജ് മറുപടി അയച്ചു
തിരുവനന്തപുരം: ആരോഗ്യ പ്രശ്നങ്ങൾ കാരണം നാളെ തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ കഴിയില്ലെന്ന് പി.സി ജോർജ്. ഹാജരാകുന്നതിലുള്ള അസൗകര്യം ചൂണ്ടിക്കാട്ടി ഫോർട്ട് എ.സി.പിക്ക് അദ്ദേഹം മറുപടി അയക്കുകയായിരുന്നു. ഹാജരാകുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി വെയ്ക്കണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു. എന്നാൽ പിസി ജോർജ് നാളെ തൃക്കാക്കരയിൽ എത്തും. ബിജെപിക്കായാണ് അദ്ദേഹം പ്രചാരണം നടത്തുക. രാവിലെ 6.30ന് വീട്ടിൽ നിന്നും പുറപ്പെടും.
വിദ്വേഷ പ്രസംഗക്കേസിൽ ഞായാറാഴ്ച സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പി.സി ജോർജിന് പൊലീസ് നോട്ടീസ് അയച്ചിരുന്നു. അന്വേഷണത്തിന് ആവശ്യമായ വിവരം ശേഖരിക്കാൻ രാവിലെ 11 ന് പൊലീസിനു മുമ്പാകെ ഹാജരാകണമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്. ഷാജിയാണ് പി.സി ജോർജിന് നോട്ടീസ് അയച്ചത്. നാളെ തൃക്കാക്കരയിൽ മുഖ്യമന്ത്രിക്ക് മറുപടി പറയുമെന്ന് ജോർജ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ജോർജിന് പൊലീസ് നോട്ടീസ് ലഭിച്ചിരുന്നത്.
കലാശക്കൊട്ട് നടക്കുന്ന ദിവസം തൃക്കാക്കരയിൽ പോകുമെന്നും മുഖ്യമന്ത്രിക്കെതിരെ പറയാനുള്ള കാര്യങ്ങൾ പറയുമെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ജോർജ് പറഞ്ഞിരുന്നു. പി.സി തൃക്കാക്കരിയിൽ പോകുത് തടയുകയെന്ന ഉദ്ദേശത്തോടെ നടക്കുന്ന രാഷ്ട്രീയ നാടകമാണ് ഇപ്പോൾ അരങ്ങേറുന്നതെന്നായിരുന്നു പി.സി ജോർജ് അനുകൂലികൾ വാദിച്ചിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നത് അടക്കമുള്ള ഉപാധികളോടെയാണ് പി.സി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഒപ്പം, ശാസ്ത്രീയ പരിശോധനയുൾപ്പെടെയുള്ള കാര്യങ്ങളിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു.
PC George said he could not reach the police station due to health problems; He will reach Thrikkakara tomorrow