Kerala
അടച്ച മുറിയിൽ ഹിന്ദുക്കൾക്ക് ചില മുന്നറിയിപ്പ് നൽകുകയായിരുന്നു, പൊലീസ് ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ല;കോടതിയിൽ പി.സി. ജോർജിന്റെ വാദങ്ങൾ
Kerala

'അടച്ച മുറിയിൽ ഹിന്ദുക്കൾക്ക് ചില മുന്നറിയിപ്പ് നൽകുകയായിരുന്നു, പൊലീസ് ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ല';കോടതിയിൽ പി.സി. ജോർജിന്റെ വാദങ്ങൾ

Web Desk
|
1 May 2022 9:40 AM GMT

പൊലീസ് ആവശ്യപ്പെട്ടിട്ടും വാദം നടക്കുമ്പോൾ അഡീഷണൽ പ്രോസിക്യൂട്ടർ ഹാജരായില്ല

തിരുവനന്തപുരം: പൊലീസ് ചുമത്തിയ 153എ യും 295 എയും നിലനിൽക്കില്ലെന്നും ഹിന്ദുക്കൾ മാത്രമുള്ള അടച്ച മുറിയിൽ ചില പ്രവണതകളെപ്പറ്റി മുന്നറിയിപ്പ് നൽകുകയായിരുന്നു താനെന്നും മുന്‍ എം.എല്‍.എ പിസി ജോർജ്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയിൽ പി.സി. ജോർജിന്റെ അഭിഭാഷകൻ വാദം ഉന്നയിച്ചത്. ആരോടും ആയുധം എടുത്ത് പോരാടാൻ വിവാദ വേദിയിൽ നിർദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അറിയപ്പെടുന്ന പൊതു പ്രവർത്തകനായ താൻ കടുത്ത പ്രമേഹരോഗിയാണെന്നും ഒളിച്ചോടുന്ന ആളല്ലെന്നും പി.സി. ജോർജ് കോടതിയിൽ വ്യക്തമാക്കി. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യം നൽകിയത്. സ്വതന്ത്രനാക്കിയാൽ സമാനകുറ്റം ആവർത്തിക്കുമെന്ന പൊലീസ് വാദം കോടതി തള്ളുകയായിരുന്നു.

അതേസമയം, പൊലീസ് ആവശ്യപ്പെട്ടിട്ടും വാദം നടക്കുമ്പോൾ അഡീഷണൽ പ്രോസിക്യൂട്ടർ ഹാജരായില്ല. ജഡ്ജിയുടെ വീട്ടിൽ നടക്കുന്ന കോടതി നടപടികളിൽ ഹാജരാകാറില്ലെന്ന് വിശദീകരണം നൽകിയാണ് പ്രോസിക്യൂട്ടർ ഹാജരാകാതിരുന്നത്. പ്രോസിക്യൂട്ടറുടെ അഭാവത്തിൽ വാദങ്ങൾ ഉന്നയിച്ചത് പൊലീസായിരുന്നു.

മുസ്‌ലിം തീവ്രവാദികൾക്കുള്ള പിണറായി വിജയന്റെ റമദാൻ സമ്മാനമാണ് തന്റെ അറസ്റ്റെന്ന് പി.സി ജോർജ് നേരത്തെ പറഞ്ഞിരുന്നു. വിദ്വേഷ പ്രസംഗക്കേസിൽ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലിക്കെതിരെ നടത്തിയ പരാമർശം പിൻവലിക്കുന്നതായും പി.സി ജോർജ് പറഞ്ഞു.

ഞാൻ പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ചുനിൽക്കുന്നു. തെറ്റ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ പിൻവലിച്ചിട്ടുണ്ട്. എനിക്ക് അതിൽ മടിയില്ല. ഹിന്ദു മഹാസമ്മേളനത്തിൽ മുസ്‌ലിം തീവ്രവാദികകളുടെ വോട്ട് എനിക്ക് വേണ്ട എന്നാണ്‌ പറഞ്ഞത്. ഇന്ത്യാ രാജ്യത്തെ സ്‌നേഹിക്കാത്തെ മുസ്‌ലിമിന്റെയും ക്രിസ്ത്യാനിയുടെയും ഹിന്ദുവിന്റെയും വോട്ട് വേണ്ടെന്ന് പറഞ്ഞ ഞാനെങ്ങനെ വർഗീയവാദിയാകും?- അദ്ദേഹം ചോദിച്ചു.

കേസിൽ അറസ്റ്റിലായ ദിവസം തന്നെ പി.സി ജോര്‍ജിന് ഇടക്കാല ജാമ്യം ലഭിച്ചിരിക്കുകയാണ്. ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം നടത്തരുത്, സാക്ഷിയെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

ഇന്ന് പുലര്‍ച്ചെ കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. പി.സി. ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് പോയ പൊലീസ് സംഘം അദ്ദേഹത്തെ നന്ദാവനം എ.ആര്‍ ക്യാംപിലെത്തിച്ചു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ.പി.സി 153എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് വിദ്വേഷ പ്രസംഗക്കേസിൽ ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡി.ജി.പി അനിൽകാന്തിന്‍റെ നിർദേശപ്രകാരമായിരുന്നു നടപടി. പി.സി ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ ഉൾപ്പെടെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.



PC George's Arguments in court , hate speech

Similar Posts