പി.സി ജോർജിന്‍റേത് ഹരിദ്വാർ മോഡൽ പ്രസംഗം; കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് പി.കെ ഫിറോസ്
|പി.സി ജോർജിന്‍റെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു
കോഴിക്കോട്: ഹരിദ്വാർ മോഡൽ പ്രസംഗമാണ് പി.സി ജോര്‍ജ് കേരളത്തിൽ നടത്തിയതെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. പി.സി ജോർജിനെതിരെ പരാതി നൽകിയിട്ടുണ്ട്, കേസെടുക്കുമോയെന്ന് നോക്കാം, പൊലീസ് കേസെടുത്തില്ലെങ്കിൽ യൂത്ത് ലീഗ് കോടതിയെ സമീപിക്കുമെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.
എം.എ യൂസഫലിയുടെ തിരുവനന്തപുരത്തെ മാളില്‍ ഹിന്ദുക്കള്‍ പോകരുതെന്നാണ് അനന്തപുരി ഹിന്ദുസമ്മേളനത്തില്‍ പി.സി ജോര്‍ജ് പറഞ്ഞത്. വിദ്വേഷ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസംഗമാണ് ജോർജിന്റേതെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞത്. ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗിന് പുറമെ വെല്‍ഫെയര്‍ പാര്‍ട്ടിയും ഡി.ജി.പിക്ക് പരാതി നല്‍കി. യൂത്ത് ലീഗ് നല്‍കിയ പരാതി ഡി.ജി.പിയുടെ പ്രത്യേകസെല്ലിന് കൈമാറിയിട്ടുണ്ട്.
വിദ്വേഷപ്രസംഗം നടത്തിയ പി.സി ജോര്‍ജ്ജ് മാപ്പ് പറയണമെന്നാണ് സി.പി.എമ്മിന്‍റെ ആവശ്യം. ഒരു മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണം നടത്തുന്നുവെന്നും മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രസംഗമാണ് നടത്തിയതെന്നും സി.പി.എം കുറ്റപ്പെടുത്തി. ജോര്‍ജ്ജിന്‍റെ സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളിക്കളയാനാകില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പി.സി ജോര്‍ജിനെ ചങ്ങലക്കിടണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ പരാമര്‍ശം.