'നിയമ സഭയിലെ മാധ്യമ വിലക്ക് പിൻവലിക്കണം'; പി.സി വിഷ്ണുനാഥ് എംഎൽഎ സ്പീക്കർക്ക് കത്ത് നൽകി
|'ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണം'
നിയമ സഭയിലെ മാധ്യമ വിലക്ക് പിൻവലിക്കണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎൽഎ നിയമസഭാ സ്പീക്കർക്ക് കത്ത് നൽകി.
കത്തിന്റെ പൂർണ രൂപം:
'ബഹുമാനപ്പെട്ട സ്പീക്കർ,
കേരള നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത മാധ്യമ നിയന്ത്രണമാണ് ഇന്ന് 27.06.22 ഏർപ്പെടുത്തിയത്. ഇത് ജനാധിപത്യ വിരുദ്ധവും ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കലുമാണ്. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസുകളിൽ പ്രവേശിപ്പിക്കുന്നതിൽ നിന്നും മാധ്യമ പ്രവർത്തകരെ വിലക്കിയിരുന്നു. പി.ആർ.ഡി മാധ്യമങ്ങൾക്ക് നൽകിയ ദൃശ്യത്തിൽ ഭരണപക്ഷത്തിന്റേത് മാത്രമേയുളളു. ഈ ഗുരുതരമായ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് മാധ്യമ വിലക്ക് പിൻവലിക്കണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു'
രാവിലെ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമാണ് ഉണ്ടായിരുന്നത്. സഭ ടിവി നൽകുന്ന ദൃശ്യങ്ങൾ മാത്രമാണ് മാധ്യമങ്ങൾക്ക് ലഭ്യമായത്. ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയർത്തിയെങ്കിലും അതിന്റെ ദൃശ്യങ്ങളൊന്നും സഭ ടിവി മാധ്യമങ്ങൾക്ക് നൽകിയില്ല. മുഖ്യമന്ത്രിയുടെയും മന്ത്രി എം.വി ഗോവിന്ദന്റെയും സ്പീക്കർ എംബി രാജേഷിന്റെയും ദൃശ്യങ്ങൾ മാത്രമാണ് സഭാ ടിവി മാധ്യമങ്ങൾക്ക് നൽകിയത്.