തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ പെല്ലെറ്റ് കൊണ്ട പാടുകൾ കണ്ടെത്തി
|കൃഷിയിടത്തിലോ ജനവാസ മേഖലയിലോ എത്തിയപ്പോൾ തുരത്താൻ ഉപയോഗിച്ചതാകാം എന്നാണ് സംശയം.
വയനാട്: ബന്ദിപ്പൂരിൽ ചരിഞ്ഞ തണ്ണീർക്കൊമ്പൻറെ ശരീരത്തിൽ പെല്ലെറ്റ് കൊണ്ട പാടുകൾ. കൃഷിയിടത്തിലോ ജനവാസ മേഖലയിലോ എത്തിയപ്പോൾ തുരത്താൻ ഉപയോഗിച്ചതാകാം എന്നാണ് സംശയം. അതേസമയം ,ഒരാഴ്ച മുമ്പ് ആനയെ തോൽപ്പെട്ടി മേഖലയിൽ കണ്ടതായി വിവരം ലഭിച്ചിരുന്നു,എന്നാൽ കൃത്യമായ ലൊക്കേഷൻ സിഗ്നൽ ലഭിക്കാത്തതിനാൽ ട്രാക്ക് ചെയ്യാൻ തടസമായെന്നും വനം വകുപ്പ് അറിയിച്ചു.
മാനന്തവാടിയിലെ ജനവാസകേന്ദ്രത്തിൽനിന്ന് വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയ ശേഷമാണ് ആന ചരിഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. ആനയ്ക്ക് സമ്മർദമുണ്ടായതാണ് ഹൃദയാഘാതത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിലുണ്ടായിരുന്ന മുഴ പഴുത്തുവെന്നും ഞരമ്പിൽ അമിത കൊഴുപ്പും കണ്ടെത്തിയെന്നും ആനയുടെ ലിംഗത്തിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ആന ആരോഗ്യവാനായിരുന്നുവെന്ന പ്രത്യക്ഷ നിഗമനം തള്ളുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
അതേസമയം, തണ്ണീർക്കൊമ്പൻ ചരിഞ്ഞതിനെക്കുറിച്ച് പരിശോധിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. അഞ്ചംഗ സമിതിയാണ് രൂപീകരിച്ചത്. ഒരുമാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കണം.