ജനറല്‍ കോച്ചുകളുടെ എണ്ണം കുറച്ചത് തിരിച്ചടി; ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർ ദുരിതത്തിൽ
|എ.സി കോച്ചുകളുടെ എണ്ണം കൂട്ടി വരുമാനം വർധിപ്പിക്കാനാണ് ജനറൽ കംപാർട്മെന്റുകൾ വെട്ടിക്കുറച്ചതെന്ന് യാത്രക്കാർ ആരോപിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർ ദുരിതത്തിൽ. ജനറൽ കംപാർട്‌മെന്റുകളുടെ എണ്ണം കുറച്ചതോടെ കാലുകുത്താൻ ഇടമില്ലാതെ തിങ്ങിഞെരുങ്ങിയാണ് യാത്ര. എ.സി കോച്ചുകളുടെ എണ്ണം കൂട്ടി വരുമാനം വർധിപ്പിക്കാനാണ് ജനറൽ കംപാർട്മെന്റുകൾ വെട്ടിക്കുറച്ചതെന്ന് യാത്രക്കാർ ആരോപിച്ചു.
നേരത്തെ പല ട്രെയിനുകളിലും അഞ്ച് ജനറൽ കോച്ചുകൾ വരെയുണ്ടായിരുന്നു. ഇപ്പോഴത് രണ്ടെണ്ണം വരെയായി കുറച്ചു. ഇതാണ് യാത്രാക്ലേശം രൂക്ഷമാക്കിയത്. 72 പേർക്കുള്ള സീറ്റാണ് കേരളത്തിലോടുന്ന ട്രെയിനുകളിലെ ഒരു ജനറൽ കോച്ചിലുള്ളത്. ഇതിലും മൂന്നിരട്ടി വരെ യാത്രക്കാർ ഈ കംപാർട്‌മെന്റുകളിൽ യാത്ര ചെയ്യുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ടിക്കറ്റെടുത്ത് ട്രെയിനിൽ കയറുന്നവർക്ക് സ്വസ്ഥമായ യാത്രക്കുള്ള സംവിധാനമൊരുക്കേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്തമാണ്. കൂടുതൽ ജനറൽ കോച്ചുകളും ട്രെയിനുകളും അനുവദിച്ച് അപകട യാത്രയ്ക്ക് അറുതി വരുത്തണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.