മുണ്ടക്കൈ ദുരന്തം: പീപ്പിൾസ് ഫൗണ്ടേഷൻ ദുരിതാശ്വാസ സെൽ പ്രവർത്തനമാരംഭിച്ചു
|ദുരിത മേഖലയിൽ നടപ്പിലാക്കേണ്ട പുനരവധിവാസ പദ്ധതി ആസൂത്രണവും നടപ്പിലാക്കലും സെൽ കേന്ദ്രീകരിച്ചാണ് നടക്കുക.
മേപ്പാടി: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള പീപ്പിൾസ് ഫൗണ്ടേഷന്റെ ദുരിതാശ്വാസ സെൽ മേപ്പാടിയിൽ പ്രവർത്തനമാരംഭിച്ചു. ജമാഅത്തെ ഇസ്ലാമി കേരളാ അമീർ പി. മുജീബുറഹ്മാൻ വളണ്ടിയർമാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന അവശ്യസാധനങ്ങൾ ശേഖരിക്കാനും വേർതിരിക്കാനും വിതരണം ചെയ്യാനുമുള്ള സൗകര്യം, ആംബുലൻസ്, വളണ്ടിയർ സേവനം, ദുരിതാശ്വാസ കാമ്പുകൾക്കാവശ്യമായ മറ്റ് സൗകര്യങ്ങൾ, മെഡിക്കൽ, നിയമ സഹായങ്ങൾ എന്നിവ സെല്ലിൽ ലഭ്യമായിരിക്കും.
ദുരിത മേഖലയിൽ നടപ്പിലാക്കേണ്ട പുനരവധിവാസ പദ്ധതി ആസൂത്രണവും നടപ്പിലാക്കലും സെൽ കേന്ദ്രീകരിച്ചാണ് നടക്കുക. നിലവിൽ കോഴിക്കോട് കേന്ദ്രീകരിച്ച് സംസ്ഥാന ദുരിതാശ്വാസ സെൽ പ്രവർത്തിക്കുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്, സംസ്ഥാന സെക്രട്ടറിമാരായ ടി.പി. സാലിഹ്, വി.പി. റഷാദ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ അസ്ലഹ് കക്കോടി, വസീം അലി, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് ടി.പി. യൂനുസ്, സി.കെ. ഷമീർ തുടങ്ങിയവർ സംബന്ധിച്ചു.