തീ തുപ്പുന്ന ബൈക്കുമായി റോഡിൽ അഭ്യാസപ്രകടനം; വാഹന രജിസ്ട്രേഷൻ മൂന്ന് മാസത്തേക്ക് റദ്ദാക്കി
|യുവാവിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പൻഡ് ചെയ്തു
തിരുവനന്തപുരം: തീ തുപ്പുന്ന ബൈക്കുമായി റോഡിൽ അഭ്യാസപ്രകടനം നടത്തിയ തിരുവനന്തപുരം സ്വദേശി കിരൺ ജ്യോതി എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ കെ. മനോജിന് മുന്നിൽ ഹാജരായി. യുവാവിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പൻഡ് ചെയ്തു. വാഹന രജിസ്ട്രേഷൻ മൂന്ന് മാസത്തേക്ക് റദ്ദാക്കി. 8000 രൂപ പിഴയും കൂടാതെ കോടതി വിധിക്കുന്ന പിഴയും അടക്കേണ്ടി വരും.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. ഇടപ്പള്ളി- കളമശ്ശേരി റോഡിൽ സൈലൻസർ രൂപമാറ്റം വരുത്തിയ ബൈക്കിൽ തീയും പുകയും പടർത്തി യുവാവ് കറങ്ങി നടന്നു. ചെങ്ങന്നൂർ സ്വദേശിയുടെ കാറിന് മുന്നിലായി പോയ ബൈക്ക് യാത്രികൻ്റെ അഭ്യാസ പ്രകടനങ്ങളുടെ ദൃശ്യങ്ങൾ പകർത്തി ആർ.ടി.ഒക്ക് അയച്ച് കൊടുക്കുകയായിരുന്നു.
തുടർന്ന് മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ പിതാവിന്റെ പേരിലാണ് ബൈക്കുള്ളതെന്ന് കണ്ടെത്തി.