Kerala
Perinthalmanna election case,  petition , special post box,
Kerala

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്; സ്പെഷ്യൽ തപാൽ പെട്ടി തുറന്ന് പരിശോധിക്കാനുള്ള അനുമതിക്കായുള്ള ഹർജി ഇന്ന് പരിഗണിക്കും

Web Desk
|
16 Feb 2023 5:08 AM GMT

കലക്ടറുടെ റിപ്പോർട്ടിലുള്ളവയ്ക്ക് പുറമെ ഒരു പ്ലാസ്റ്റിക് കണ്ടൈയ്നറും തെരഞ്ഞെടുപ്പ് സാമഗ്രികളോടൊപ്പം കണ്ടെത്തിയിരുന്നു

മലപ്പുറം: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ സീൽ ചെയ്ത സ്പെഷ്യൽ തപാൽ പെട്ടി തുറന്ന് പരിശോധിക്കാൻ അനുമതി നൽകണമെന്ന ഹരജിക്കാരുടെ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ രജിസ്ട്രാറുടെ സാന്നിധ്യത്തിൽ പ്രാഥമിക പരിശോധന നടന്നെങ്കിലും രണ്ട് ബാലറ്റ്പെട്ടികൾ സീൽ ചെയ്ത നിലയിലായിരുന്നു. ഈ പെട്ടികൾ തുറക്കുന്നതിന് കോടതിയുടെ നിർദേശം വേണമെന്ന് രജിസ്ട്രാർ നിലപാടെടുത്തിരുന്നു. കലക്ടറുടെ റിപ്പോർട്ടിലുള്ളവയ്ക്ക് പുറമെ ഒരു പ്ലാസ്റ്റിക് കണ്ടൈയ്നറും തെരഞ്ഞെടുപ്പ് സാമഗ്രികളോടൊപ്പം കണ്ടെത്തിയിരുന്നു. ജസ്റ്റിസ് ബദറുദ്ദീൻ്റെ ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കുക.

ഹരജിക്കാർക്കും അവരുടെ അഭിഭാഷകർക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകർക്കും ബാലറ്റ് പെട്ടി പരിശോധിക്കുന്ന സ്ഥലത്ത് പ്രവേശനം നൽകും. ബാലറ്റ് പെട്ടി കാണാതായതിൽ ദുരൂഹത ഉണ്ടെന്നാണ് ഹരജിക്കാരുടെ ആരോപണം. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് പെട്ടി പരിശോധിക്കാനുള്ള ഇടക്കാല ഉത്തരവിട്ടത്.

കേസ് ജില്ലാ ക്രൈം ബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സി ബാബുവിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ ജില്ലാ കലക്ടർ എസ്.പിക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിരുന്നു.

സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് ജില്ലാ കലക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. പെരിന്തൽമണ്ണ ട്രഷറി ഓഫീസർ എൻ. സതീഷ് കുമാർ, സീനിയർ അക്കൗണ്ടന്‍റ് എസ്. രാജീവ്, സഹകരണ ജോ. രജിസ്ട്രാർ ഓഫീസിലെ സീനിയർ ഇൻസ്പെക്ടർ സി എൻ പ്രതീഷ്, നിലവിൽ തിരുവനന്തപുരത്ത് ജോ. രജിസ്ട്രാറായ എസ് പ്രബിത്ത് എന്നിവർക്കായിരുന്നു ഒരാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ്. ഇതിന് ഉദ്യോഗസ്ഥർ മറുപടി നൽകുകയും ചെയ്തു.

അബദ്ധത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ബാലറ്റ് പെട്ടിയുമായി നിയമസഭാ മണ്ഡലത്തിലെ ബാലറ്റ് മാറിപ്പോയെന്നാണ് നോട്ടീസിന് മറുപടി നൽകിയ ഉദ്യോഗസ്ഥരുടെ വിശദീകരണമെന്നാണ് സൂചന.

Similar Posts