Kerala
Perinthalmanna election case, ballot box, Perinthalmanna ballot box,perinthalmanna,perinthalmanna news,perinthalmanna election case,perintalmanna postal vote box missing,perinthalmanna election,
Kerala

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ ഇന്ന് നിർണായക ദിനം; ബാലറ്റ് പെട്ടി കോടതിയിൽ വെച്ച് തുറന്ന് പരിശോധിക്കും

Web Desk
|
23 Feb 2023 1:02 AM GMT

സീൽ പൊളിച്ച് തെരഞ്ഞെടുപ്പ് സാമഗ്രികൾ പരിശോധിക്കാൻ ഹരജിക്കാർക്കും എതിർ കക്ഷികൾക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി

കൊച്ചി: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പുകേസിൽ നിർണായകമായ ബാലറ്റ്‌പെട്ടി ഇന്ന് ഹൈക്കോടതിയിൽ വെച്ച് തുറന്ന് പരിശോധിക്കും. ജസ്റ്റിസ് ബദറുദ്ദീന്റെ കോടതിയിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പരിശോധന നടക്കുക. പെട്ടിയുടെ സീൽ പൊളിച്ച് അകത്തുള്ള തെരഞ്ഞെടുപ്പ് സാമഗ്രികൾ പരിശോധിക്കാൻ ഹരജിക്കാർക്കും എതിർകക്ഷികൾക്കും തെരഞ്ഞെടുപ്പ് കമ്മീഷനും അനുവാദമുണ്ട്.

രജിസ്ട്രാറുടെ നേതൃത്വത്തിൽ പെട്ടിയുടെ പ്രാഥമിക പരിശോധന നടത്തിയിരുന്നു. സ്‌പെഷൽ തപാൽ വോട്ടുകൾ ഉൾപ്പെടുന്ന ബാലറ്റ് ബോക്‌സുകൾ കാണാതായതിൽ അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിൽ മൂന്ന് ടേബിളിൽ ഒരു ടേബിളിലെ ബാലറ്റ് നഷ്ടമായെന്നാണ് സബ് കലക്ടറുടെ റിപ്പോർട്ട്. ടേബിൾ നമ്പർ അഞ്ചിലെ ബാലറ്റുകളാണ് കാണാതായത്. ബാലറ്റ് പെട്ടികൾ തുറന്ന നിലയിലായിരുന്നുവെന്നും ഹൈക്കോടതിക്ക് നൽകിയ സബ്കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ബോക്‌സിന്റെ വലിപ്പമടക്കം വിശദമായ റിപ്പോർട്ടാണ് സബ് കലക്ടര്‍ സമർപ്പിച്ചത്. പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ച സ്പെഷ്യൽ തപാൽ വോട്ടുകളടങ്ങിയ പെട്ടിയാണ് കാണാതായത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മലപ്പുറത്തെ ജില്ലാ സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെടുത്തത്.

സംഭവത്തിൽ വീഴ്ച വരുത്തിയ രണ്ട് ഓഫീസുകളിലെ നാലു ഉദ്യോഗസ്ഥർക്ക് ജില്ലാ കലക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പെരിന്തൽമണ്ണ ട്രഷറി ഓഫീസർ എൻ. സതീഷ് കുമാർ, സീനിയർ അക്കൗണ്ടന്‍റ് എസ്. രാജീവ്, സഹകരണ ജോ. രജിസ്ട്രാർ ഓഫീസിലെ സീനിയർ ഇൻസ്പെക്ടർ സി എൻ പ്രതീഷ്, നിലവിൽ തിരുവനന്തപുരത്ത് ജോ. രജിസ്ട്രാറായ എസ് പ്രബിത്ത് എന്നിവർക്കായിരുന്നു ഒരാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ്. ഇതിന് ഉദ്യോഗസ്ഥർ മറുപടി നൽകുകയും ചെയ്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെയും പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന്റെയും ബാലറ്റുകൾ പെരിന്തൽമണ്ണ സബ് ട്രഷറിയിലാണ് സൂക്ഷിച്ചിരുന്നത്.

കേസ് ജില്ലാ ക്രൈം ബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സി ബാബുവിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ ജില്ലാ കലക്ടർ എസ്.പിക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിരുന്നു.





Similar Posts