പെരിയ ഇരട്ടക്കൊലക്കേസ്: സിബിഐ അറസ്റ്റ് ചെയ്ത പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
|എറണാകുളം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എറണാകുളം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. വിഷ്ണു സുര എന്ന പ്രതി കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തയാളാണെന്ന് സിബിഐ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. അഞ്ചു പ്രതികളും ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ്. സിബിഐക്ക് കേസ് വിടാതിരിക്കാന്‍ സുപ്രീംകോടതി വരെ പോയവരാണ് പ്രതികള്‍. പ്രതികള്‍ക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും സിബിഐ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ അറസ്റ്റിനു പിന്നില്‍ ചില ഗൂഢ ഉദ്ദേശ്യങ്ങളുണ്ടെന്നാണ് പ്രതികള്‍ വാദിച്ചത്. എത്ര കഠിന വ്യവസ്ഥയായാലും അനുസരിക്കാന്‍ തയ്യാറാണെന്നും ജാമ്യം നല്‍കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു.