Kerala
നിർമാണത്തിൽ വീഴ്‌ചയില്ല, അന്വേഷിക്കും: വിശദീകരണവുമായി കരാർ കമ്പനി
Kerala

'നിർമാണത്തിൽ വീഴ്‌ചയില്ല, അന്വേഷിക്കും': വിശദീകരണവുമായി കരാർ കമ്പനി

Web Desk
|
29 Oct 2022 7:40 AM GMT

ചെറിയ തൂണുകളിലുണ്ടായ പ്രശ്നമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ

കാസർകോട്: കാസർകോട് പെരിയയിൽ അടിപ്പാത തകർന്നുവീണ സംഭവത്തിൽ വിശദീകരണവുമായി കരാർ കമ്പനിയായ മേഘ കൺസ്ട്രക്ഷൻസ്. നിർമാണത്തിൽ അപാകതയുണ്ടായിട്ടില്ലെന്നും സംഭവത്തിൽ കമ്പനി അന്വേഷണം നടത്തുമെന്നും മേഘ കൺസ്ട്രക്ഷൻസിലെ ബെന്നി എബ്രഹാം പറഞ്ഞു.

നിർമാണ സാധനങ്ങൾ പ്രത്യേകം പരിശോധിച്ച് നിലവാരം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമാണ് ഉപയോഗിക്കുന്നത്. സിമന്റും കമ്പിയും കുറഞ്ഞുവെന്ന തരത്തിലുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. ചെറിയ തൂണുകളിലുണ്ടായ പ്രശ്നമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പരിചയസമ്പത്തുള്ള തൊഴിലാളികൾ തന്നെയാണ് നിർമാണപ്രവർത്തികൾ നടത്തുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം തന്നെ നടത്തുമെന്നും കമ്പനി അറിയിച്ചു.

അടിപ്പാത തകർന്നതിനെ പിന്നാലെ കരാർ കമ്പനിക്കെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. നിർമാണത്തിലെ അപകടത തന്നെയാണ് കാരണമെന്ന് പ്രദേശവാസികളും അധികൃതരും പറയുന്നു. സംഭവസ്ഥലം സന്ദർശിച്ച രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും മേഘ കൺസ്ട്രക്ഷൻസിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കോൺക്രീറ്റ് ചെയ്തതിൽ സംഭവിച്ച പിഴവാണ് അപകടമുണ്ടാക്കിയതെന്നും നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെക്കണമെന്നും എംപി ആവശ്യപ്പെട്ടു.

പെട്ടെന്ന് പണി തീർക്കാനുള്ള ശ്രമത്തിനിടെ ആവശ്യത്തിന് സിമന്റും വെള്ളവും ചേർക്കാതെയാണ് കോൺക്രീറ്റ് പ്രവർത്തികൾ നടത്തിയതെന്നായിരുന്നു പുല്ലൂർ- പെരിയ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണം. അടിപ്പാത തകർന്നുവീണതിന് പിന്നാലെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. ആളപായമില്ലെന്ന് കമ്പനി പറയുമ്പോഴും എട്ടോളം തൊഴിലാളികൾ അപകടസമയം സ്ലാബിന് മുകളിലുണ്ടായിരുന്നു. ഇവരിൽ എത്ര പേർക്ക് പരിക്കേറ്റെന്നോ എത്ര പേർക്ക് പരിക്കേറ്റെന്നോ എത്ര പേർ ചികിത്സ തേടിയെന്നോ വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് തൊഴിലാളികൾ ഇറങ്ങിയോടുന്നതടക്കമുള്ള വിവരങ്ങൾ ലഭിച്ചത്.

അടിപ്പാത തകർന്നുവീണതിന്റെ അവശിഷ്ടങ്ങൾ പെട്ടെന്ന് തന്നെ നീക്കാൻ കമ്പനി ശ്രമിച്ചതും സംശയത്തിനിടയാക്കുന്നുണ്ട്. നാട്ടുകാർ ഇടപെട്ടാണ് ഈ ശ്രമം തടഞ്ഞത്. അതേസമയം, നിർമാണത്തിലെ അപാകതകൾ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ വേണ്ട നടപടിയെടുത്തില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സംഭവ സ്ഥലത്ത് നാട്ടുകാരടക്കം പ്രതിഷേധിക്കുകയാണ്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ദേശീയപാത ഉപരോധിച്ചിരുന്നു.

Similar Posts