പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
|ഡാമുകള്‍ തുറക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാതലത്തില്‍ എറണാകുളം ജില്ലയിലെ സാഹചര്യം വിലയിരുത്താന്‍ അടിയന്തര യോഗം ചേര്‍ന്നു.
ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാതലത്തില്‍ അടിയന്തര സാഹചര്യം നേരിടാൻ എറണാകുളം ജില്ല സുസജ്ജമെന്ന് മന്ത്രി പി. രാജീവ്. ഡാം അലര്‍ട്ടുകളുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ സാഹചര്യം വിലയിരുത്താന്‍ അടിയന്തര യോഗം ചേര്‍ന്നു. മന്ത്രി പി രാജീവിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.
ഇരു ഡാമുകളിലേയും വെള്ളം പെരിയാറിലേക്ക് ഒഴുകിയെത്തുമെന്നതിനാല്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. ഡാമുകളിലെ വെള്ളം ഒരുമിച്ച് പെരിയാറിലേക്ക് ഒഴുകാതിരിക്കാനുളള നടപടിക്ക് നിര്‍ദേശം നല്കി. നാളെയാണ് ഇടുക്കി ഷോളയാര്‍ ഡാമുകള്‍ തുറക്കുന്നത്. രാവിലെ 11 മണിക്കാണ് ഇടുക്കി ഡാം തുറക്കുക. ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറക്കുന്നത്. ഷട്ടറുകള്‍ 100 സെ.മീ ഉയർത്തും. ഒരു ലക്ഷം ലിറ്റര്‍ വെള്ളം സെക്കന്റില്‍ പുറത്തുവിടും. 2,395 അടിയിലേക്ക് ജലനിരപ്പ് താഴ്ത്തും. സമീപവാസികള്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.