Kerala
chemical pollution in Periyar,, Periyar mass fish death, Case registered against the company Cee Jee Lubricant, Edayar, which dumped chemical waste in Periyar
Kerala

പെരിയാറില്‍ നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതം, ഉദ്യോഗസ്ഥരുടെ എണ്ണവും കുറവ്; പി.സി.ബിയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം

Web Desk
|
28 May 2024 1:32 AM GMT

പെരിയാർ തീരത്തെയും ഇടയാർ വ്യാവസായിക മേഖലയിലെയും കമ്പനികളെ നിരീക്ഷിക്കേണ്ട പൊല്യൂഷൻ കൺട്രോൾ ബോർഡിന് പരിമിതികൾ അനവധിയാണ്

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയും രാസമാലിന്യവും ചർച്ചയാകുമ്പോൾ പ്രതിസ്ഥാനത്തുള്ളത് മലിനീകരണ നിയന്ത്രണ ബോർഡാണ്. നിരീക്ഷണ സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്തതും ഉദ്യോഗസ്ഥരുടെ കുറവും ബോർഡിന്റെ പ്രവർത്തനത്തെ ബാധിച്ചു. നിരീക്ഷണത്തിനായി സ്ഥാപിച്ച സി.സി.ടി.വി ക്യാമറകൾ പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ പിന്നിട്ടു.

ഒന്‍പത് ക്യാമറകളാണ് പെരിയാറിലെ വ്യാവസായിക മേഖലകളിൽ നിരീക്ഷണത്തിനായി പൊല്യൂഷൻ കൺട്രോൾ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഒരു മാസത്തിലേറെയായി ഇതിൽ മൂന്ന് ക്യാമറകൾ പ്രവർത്തിക്കുന്നില്ല. സാങ്കേതികതടസങ്ങൾ നീക്കാൻ കെൽട്രോണിനെ അറിയിച്ചിട്ടുണ്ട് എന്നതല്ലാതെ ഇക്കാര്യത്തിൽ ഇതുവരെയും നടപടിയില്ല. വെള്ളത്തിൻ്റെ മലിനീകരണ തോത് അറിയാൻ, പെരിയാറിൽ സ്ഥാപിച്ച രണ്ട് റിയൽ ടൈം മോണിറ്ററിങ് സംവിധാനങ്ങളും പ്രവർത്തനരഹിതമാണ്.

രണ്ടു മെഷീനുകളിൽ ഒന്ന് കേടായതിനാലും, മറ്റൊന്ന് വാർഷിക മെയിന്റനൻസ് കരാർ കഴിഞ്ഞതിനാലും പ്രവർത്തനക്ഷമമല്ല. കൂടാതെ ടെക്നിക്കൽ ജീവനക്കാരുടെ എണ്ണവും പരിമിതമാണ്. ആവശ്യത്തിന് ജീവനക്കാർ ഉണ്ടെങ്കിൽ നിരീക്ഷണം കുറേക്കൂടി കർശനമാക്കാമെന്നാണ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. പെരിയാർ തീരത്തെയും ഇടയാർ വ്യാവസായിക മേഖലയിലെയും കമ്പനികളെ നിരീക്ഷിക്കേണ്ട പൊല്യൂഷൻ കൺട്രോൾ ബോർഡിന് ഇങ്ങനെ പരിമിതികൾ അനവധിയാണ്. ഇതുകൊണ്ടാണ് കമ്പനികളുമായി ബോർഡ് ഒത്തുകളിക്കുകയാണെന്ന ആക്ഷേപം ശക്തമാകുന്നത്.

വേണ്ടത്ര ഉദ്യോഗസ്ഥരും നിരീക്ഷണ സംവിധാനങ്ങളുടെ കാര്യക്ഷമതയും ഉറപ്പുവരുത്തിയാൽ മാത്രമേ സമാനമായ പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കൂ. ഒപ്പം പെരിയാർ വീണ്ടെടുക്കാനുള്ള കർമപദ്ധതികൾക്ക് ഇത് ആക്കംകൂട്ടുകയും ചെയ്യും.

Summary: When it comes to mass fish death and chemical pollution in Periyar, the culprit is the Pollution Control Board. Inefficient monitoring systems and understaffing have affected the functioning of the board

Similar Posts