പെരിയാറിലേക്ക് സംസ്‌കരിക്കാത്ത രാസമാലിന്യങ്ങൾ വൻതോതിൽ ഒഴുക്കുന്നു; നടപടിയെടുക്കാതെ അധികൃതർ
|മലിനീകരണ നിയന്ത്രണ ബോർഡിനെതിരെ സമരസമിതി
കൊച്ചി: എടയാറിലെ വ്യവസായ ശാലകളിൽ നിന്ന് സംസ്‌കരിക്കാത്ത മലിന ജലം വൻ തോതിൽ പെരിയാറിലേക്ക് ഒഴുക്കുന്നു. കമ്പനികളിലെ ഡ്രൈനേജിലൂടെ പോകുന്ന വെള്ളത്തിലൂടെയാണ് രാസമാലന്യങ്ങൾ ഒഴുകിയെത്തുന്നതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തി. വ്യവസായ ശാലകൾക്കെതിരെ മലിനീകരണ നിയന്ത്രണ ബോർഡ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് പെരിയാർ മലിനീകരണ വിരുദ്ധ സമിതി രംഗത്തുവന്നു.
പെരിയാറിന്റെ തീരം മലിനപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളെറെയായി. പല വിധ സമരങ്ങളും കണ്ട നാടാണിത്. പക്ഷേ, വ്യവസായ ശാലകൾ ഇന്നും നിർബാധം പുഴയും കരയും വായുവും മലിനപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. എടയാർ വ്യവസായ മേഖലയിൽ 350ഓളം കമ്പനികളുണ്ട് . എല്ലാ കമ്പനികളിലും ഡ്രൈനേജ് സംവിധാനമുണ്ട്. മഴ പെയ്യുമ്പോൾ വെള്ളത്തിനൊപ്പം കമ്പനിയിലെ രാസമാലിന്യങ്ങളും ഡ്രൈനേജ് വഴി ഒഴുകുകയാണ് പെരിയാറിലേക്ക്. ടോയ്‌ലെറ്റ് മാലിന്യങ്ങളും ഇതിലൂടെ ഒഴുക്കിവിടുന്നുണ്ടെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണ്ടെത്തൽ. എന്നാൽ എല്ലാ കമ്പനികളും ഇത്തരത്തിൽ പ്രവർത്തിക്കുന്നവയല്ലെന്നാണ് ബോർഡിന്റെ വിശദീകരണം. പുഴയെ കമ്പനികൾ മലിനമാക്കുകയാണെന്ന് അറിഞ്ഞിട്ടും നടപടിയെടുക്കാത്ത മലിനീകരണ നിയന്ത്രണ ബോർഡ് അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്നുവെന്ന് പെരിയാർ മലിനീകരണ വിരുദ്ധ സമിതി ആരോപിച്ചു.
എടയാർ മേഖലയിൽ പെരിയാറിന്റെ അഞ്ച് പോയിന്റുകളിൽ നിന്നായി വെള്ളത്തിന്റെ സാമ്പിളുകൾ എടുത്താണ് മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തുന്നത്. ഓരോ ദിവസവും ഈ പരിശോധന നടക്കുന്നുണ്ട്. ഗുരുതര സാഹചര്യം നിലവിൽ പെരിയാറിൽ ഇല്ലെന്നാണ് ബോർഡ് പറയുന്നത്.