കോട്ടയത്ത് വീടിന് രണ്ടാംനില പണിയാൻ അനുമതി; ആശയക്കുഴപ്പം സൃഷ്ടിച്ചത് സർക്കാർ ഉത്തരവെന്ന് പഞ്ചായത്ത്
|ബഫർ സോണിൽ ഉൾപ്പെടുന്ന സ്ഥലത്തിന്റെ കൈമാറ്റത്തിനോ കെട്ടിട നിർമാണത്തിനോ അനുമതി ആവശ്യമില്ലെന്ന് കെ.റെയിൽ
കോട്ടയം: സിൽവർ ലൈൻ പദ്ധതിയുടെ ബഫർ സോണിൽ ഉൾപ്പെട്ട വീടിന് രണ്ടാം നില നിർമിക്കാൻ അനുമതി ലഭിച്ചു. കൊച്ചുപുരയ്ക്കൽ ജിമ്മി മാതുവിന്റെ വീട് സിൽവർ ലൈൻ പദ്ധതിയുടെ ബഫർ സോണിൽ ഉൾപ്പെടുന്നതിനാൽ എൻ.ഒ.സി നൽകാനാകില്ലെന്ന് പനച്ചിക്കാട് പഞ്ചായത്ത് അറിയിച്ചിരുന്നു. കെ റെയിൽ സ്പെഷ്യൽ ഓഫീസറുടെ അനുമതി വേണമെന്ന് പഞ്ചായത്ത് ആവശ്യപ്പട്ടത്. ഇത് വാർത്തയായതോടെ ബഫർ സോണിൽ ഉൾപ്പെടുന്ന സ്ഥലത്തിന്റെ കൈമാറ്റത്തിനോ കെട്ടിട നിർമാണത്തിനോ അനുമതി ആവശ്യമില്ലെന്ന് കെ.റെയിൽ വ്യക്തമാക്കി. ഇപ്പോൾ നടന്നുവരുന്നത് സാമൂഹിക ആഘാത പഠനമാണ്. ഭൂമി ഏറ്റെടുക്കൽ തുടങ്ങിയിട്ടില്ലെന്നും കെ റെയിൽ വിശദീകരിച്ചു. ഇതോടെയാണ് പഞ്ചായത്ത് നിലപാട് മാറ്റിയത്.തുടർന്ന് വീടിന് അനുമതി നൽകിയെന്ന് പഞ്ചായത്ത് അറിയിച്ചു
ആശയക്കുഴപ്പം സൃഷ്ടിച്ചത് സർക്കാർ ഉത്തരവെന്ന് പഞ്ചായത്ത് സെക്രട്ടറി എൻ അരുൺകുമാർ മീഡിയവണിനോട് പറഞ്ഞു. സിൽവർലൈൻ സർവേ സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിരുന്നു. പദ്ധതി പ്രഖ്യാപനം വന്നതിന് ശേഷം വന്ന ആദ്യ അപേക്ഷ ആയതിനാലാണ് എൻ.ഒ.സി ആവശ്യപ്പെട്ടത്. ഇപ്പോൾ ആശയ കുഴപ്പം മാറിയെന്നും സെക്രട്ടറി പറഞ്ഞു. ഇക്കാര്യത്തിൽ തഹസിൽദാർ വ്യക്തമായ മറുപടി നൽകിയില്ല. അനുമതി നൽകാൻ താമസിച്ചത് ഇക്കാരണത്താലാണെന്നും പഞ്ചായത്ത് സെക്രട്ടറി പ്രതികരിച്ചു. തുടർന്ന് ജിമ്മി പഞ്ചായത്ത് ഓഫീസിലെത്തി എൻ.ഒ.സി കൈപറ്റി.
അതേ സമയം പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ സി.പി.എം രംഗത്തെത്തി. യുഡിഎഫ് സമരത്തിന് ആക്കം കൂട്ടാൻ വേണ്ടി സെക്രട്ടറി ഒത്തു കളിച്ചുവെന്ന് സി.പി.എം പനച്ചിക്കാട് ഏരിയ സെക്രട്ടറി സുഭാഷ് പ്രതികരിച്ചു. തുടർന്ന് സി.പി.എം പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുകയും ചെയ്തു. അതേ സമയം പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് വീട്ടുടമസ്ഥനായ ജിമ്മി പ്രതികരിച്ചു.