Kerala
mb rajesh
Kerala

കെട്ടിട നിർമാണ പെർമിറ്റ് ഫീസ്; വാങ്ങിയ അധിക തുക തിരിച്ചുനൽകുമെന്ന് മന്ത്രി എം.ബി രാജേഷ്

Web Desk
|
24 July 2024 5:02 PM GMT

''നേരിട്ട് പണം വാങ്ങാൻ ആരും തദ്ദേശ സ്ഥാപനങ്ങളിൽ പോകേണ്ടതില്ല. ഓൺലൈനായിട്ടായിരിക്കും തിരികെ നൽകുക''

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ച സാഹചര്യത്തിൽ അധിക ഫീസ്‌ അടച്ചവർക്ക്‌ തുക തിരികെ നൽകുമെന്ന്‌ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി എം.ബി രാജേഷ്.

നേരിട്ട് പണം വാങ്ങാൻ ആരും തദ്ദേശ സ്ഥാപനങ്ങളിൽ പോകേണ്ടതില്ല. ഓണ്‍ലൈനായിട്ടായിരിക്കും പണം തിരികെ നൽകുക. പുതിയ ഫീസിന്‌ 2023 ഏപ്രിൽ 10 മുതൽ മുൻകാല പ്രാബല്യമുണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കെ സ്മാർട്ട് വഴിയും ഐ.എൽ.ജി.എം.എസ്. വഴിയും ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

''വാങ്ങിയ അധിക പെർമിറ്റ് ഫീസ് തിരിച്ചുനൽകുമോ?

കഴിഞ്ഞ ദിവസങ്ങളിൽ പെർമിറ്റ് ഫീസടച്ച ചിലർ ഈ ചോദ്യം നവമാധ്യമങ്ങളിലൂടെ ചോദിക്കുന്നുണ്ട്, ചോദ്യം ന്യായമാണ്. ആ കാര്യത്തിൽ വ്യക്തത വരുത്താനാണ് ഈ വീഡിയോ. അതിനൊപ്പം തന്നെ തെറ്റിദ്ധാരണ പരത്താൻ കിണഞ്ഞു പരിശ്രമിക്കുന്ന ചിലർക്കും ഈ മറുപടി അനിവാര്യമാണ്.

ഇന്ന് പ്രഖ്യാപിച്ച പുതിയ ഫീസിനു 2023 ഏപ്രിൽ 10 മുതൽ മുൻകാല പ്രാബല്യമുണ്ടായിരിക്കും എന്ന കാര്യം വ്യക്തമാക്കട്ടെ. ഈ കാലയളവിൽ പെർമിറ്റ് ഫീസ് അടച്ചവർക്ക്, ഒടുക്കിയ അധിക തുക തിരിച്ചുനൽകുക തന്നെ ചെയ്യും. ഇതിന് കെ സ്മാർട്ട് വഴിയും ഐ എൽ ജി എം എസ് വഴിയും ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം വൈകാതെ ഒരുക്കും.

പെർമിറ്റ് ഫീസ് പൂർണമായും തദ്ദേശ സ്ഥാപനങ്ങൾക്കാണ് ലഭിക്കുന്നത്. അതിനാൽ ഈ തുക കൊടുത്തുതീർക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുവാദം നൽകും. പണം ഓണലൈനായി ലഭ്യമാക്കുന്നതിനാണ് ആലോചിച്ചിട്ടുള്ളത്, ഇതിനായി നേരിട്ട് ആരും തദ്ദേശ സ്ഥാപനങ്ങളിൽ പോകേണ്ടതില്ല. ഇത് സംബന്ധിച്ച് വിശദമായ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിനും ഓൺലൈൻ സംവിധാനം തയ്യാറാകുന്നതിനും അനുസരിച്ച് റീഫണ്ടിന് അപേക്ഷിക്കാവുന്നതാണ്''.

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സി.പിഎമ്മിൻ്റെ നിർദേശപ്രകാരമാണ് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസുകളിൽ ഇളവ് വരുത്താനുള്ള തദ്ദേശസ്വയംഭരണ വകുപ്പിന്റെ തീരുമാനം. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും 81 മുതൽ 150 സ്ക്വയർ മീറ്റർ വരെയുള്ള സ്ലാബിലും 151 മുതൽ 300 വരെയുള്ള സ്ലാബിലും 50 ശതമാനത്തിന്റെ കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോർപ്പറേഷനുകളിൽ ഇത് 60% ആണ്. 300 സ്ക്വയർ മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങൾക്ക് പെർമിറ്റ് ഫീസ് മൂന്നിലൊന്നായി ചുരുങ്ങും.

Similar Posts