സ്വപ്നാ സുരേഷിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ ആൾ അറസ്റ്റിൽ
|രാജ്യത്ത് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകുന്ന വലിയൊരു ലോബി തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം
തിരുവനന്തപുരം: സ്വർണക്കടത്ത് പ്രതി സ്വപ്നാ സുരേഷിന് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയ ആൾ പിടിയിൽ. അമൃത്സർ സ്വദേശി സച്ചിൻ ദാസാണ് പിടിയിലായത്. സ്പേസ് പാർക്കിലെ ജോലിക്കായാണ് ഇയാൾ സ്വപ്നക്ക് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് സച്ചിൻദാസിനെ പിടികൂടിയത്.
ഡൽഹിയിലെ ദാദാസാഹിബ് അംബേദ്കർ സർവകലാശാലയുടെ പേരിലാണ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയത്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ സ്വപ്നാ സുരേഷുമായുള്ള ബന്ധമടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, രാജ്യത്ത് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകുന്ന വലിയൊരു ലോബി തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങളും സച്ചിൻ ദാസിനെ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്.