വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പെരുമ്പാവൂർ പൊലീസിനെതിരെ ഉദ്യോഗാർഥികൾ
|സിംഗപ്പൂരിലെയും ഖത്തറിലെയും വിവിധ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 40ഓളം ഉദ്യോഗാർഥികളിൽനിന്നു പണം തട്ടിയെന്നാണ് പരാതി
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പെരുമ്പാവൂർ പൊലീസിനെതിരെ പരാതിയുമായി ഉദ്യോഗാർഥികൾ. പൊലീസിന്‍റേത് റിക്രൂട്ട്മെന്റ് ഏജൻസിയെ സഹായിക്കുന്ന നിലപാടാണെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു.
പെരുമ്പാവൂർ അമ്പലച്ചിറക്ക് സമീപം പ്രവർത്തിക്കുന്ന ഫ്ലൈ വീല്ലോ ട്രീ എന്ന സ്ഥാപനം സിംഗപ്പൂരിലെയും ഖത്തറിലെയും വിവിധ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 40ഓളം ഉദ്യോഗാർഥികളിൽനിന്നു പണം തട്ടിയെന്നാണ് പരാതി. കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലുള്ളവരാണ് തട്ടിപ്പിനിരയായത്. രണ്ടു ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാണ് പലർക്കും നഷ്ടമായത്.
കഴിഞ്ഞ വർഷം പൊലീസിൽ പരാതി നൽകിയിട്ടും തട്ടിപ്പ് നടത്തിയ സ്ഥാപനത്തിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. സ്ഥാപനത്തിനെതിരെ നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം.
Summary: Complaint against Perumbavoor police in foreign recruitment scam case