ഗവർണർ പുറത്താക്കിയതിനെതിരെ സെനറ്റംഗങ്ങളുടെ ഹരജി ഇന്ന് പരിഗണിക്കും
|ഇന്നലെ ഹരജി പരിഗണിക്കവെ കടുത്ത ഭാഷയിൽ ഹരജിക്കാരെ കോടതി വിമർശിച്ചിരുന്നു.
തിരുവനന്തപുരം: ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാലയിലെ 15 സെനറ്റംഗങ്ങൾ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ ഹരജി പരിഗണിക്കവെ കടുത്ത ഭാഷയിൽ ഹരജിക്കാരെ കോടതി വിമർശിച്ചിരുന്നു.
വി.സി നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ വിജ്ഞാപനം മാറ്റണമെന്ന ശാഠ്യമെന്തിനെന്ന് കോടതി ചോദിച്ചു. സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് ഒരാളെ നിർദേശിച്ചാൽ അവസാനിപ്പിക്കാവുന്ന പ്രശ്നമാണിതെന്നും കോടതി നിരീക്ഷിച്ചു.
നവംബർ നാലിന് ചേരുന്ന സെനറ്റ് യോഗത്തിൽ സെർച്ച് കമ്മിറ്റി അംഗത്തെ നിർദേശിക്കാൻ തീരുമാനമുണ്ടോ എന്ന് ഇന്ന് അറിയിക്കാനാണ് കോടതിയുടെ നിർദേശം.
നാലാം തീയതി ചേരുന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന പുറത്താക്കപ്പെട്ട അംഗങ്ങളുടെ ആവശ്യത്തിൽ ഇന്ന് കോടതി തീരുമാനമെടുക്കും.
ഗവർണറുടെ പ്രീതിയിൽ നിർണായക നിരീക്ഷണങ്ങളുമായി ഇന്നലെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ചീത്ത വിളിച്ചാൽ ഗവർണറുടെ പ്രീതി നഷ്ടപ്പെടില്ലെന്ന് കോടതി വ്യക്തമാക്കി. ഗവർണറുടെ അപ്രീതി ഉണ്ടാകുന്നത് നിയമവിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മാത്രമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
വ്യക്തിപമായ പ്രീതിയല്ല, നിയമപരമായ പ്രീതിയാണ് ഭരണഘടന അനുശാസിക്കുന്നത്. ആരെങ്കിലും ബോധപൂർവം നിയമം ലംഘിച്ചോ എന്നാണ് ഗവർണർ നോക്കേണ്ടതെന്നും കോടതി തുറന്നടിച്ചിരുന്നു.