മുസ്‌ലിം ലീഗിനെ നിരോധിക്കണമെന്ന ഹരജി: പി.കെ കുഞ്ഞാലിക്കുട്ടി സുപ്രിംകോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു
|മുസ്‌ലിം ലീഗിന്റെ ചരിത്രവും പ്രവർത്തന രീതികളും വിശദമായി പ്രതിപാദിക്കുന്നതാണ് എതിർ സത്യവാങ്മൂലം
മലപ്പുറം: മുസ്‌ലിം ലീഗിനെ നിരോധിക്കണമെന്ന ഹരജിയിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സുപ്രിംകോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. മുസ്‌ലിം ലീഗിന്റെ ചരിത്രവും പ്രവർത്തന രീതികളും വിശദമായി പ്രതിപാദിക്കുന്നതാണ് എതിർ സത്യവാങ്മൂലം. സ്വതന്ത്ര ഇന്ത്യയിൽ 1948 മാർച്ച് 10 മുതൽ രാജ്യത്തിന്റെ പരമാധികാരം അംഗീകരിച്ച് ഭരണഘടനാപരമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ സംഘടനയാണ് മുസ്‌ലിം ലീഗ്. ഭരണഘടനാ അസംബ്ലിയിലും പാർലമെന്റിലും മുസ്ലിം ലീഗിന്റെ പ്രാതിനിധ്യം ശ്രദ്ധേയമായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിപദവും കേന്ദ്ര മന്ത്രിപദവും മുസ്‌ലിം ലീഗിനെ തേടിയെത്തിയത് പൊതുസമൂഹം പാർട്ടിക്ക് നൽകിയ അംഗീകാരത്തിന്റെ ഫലമായിട്ടാണ്.
കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പോണ്ടിച്ചേരി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, അസം നിയമസഭകളിലും മുസ്‌ലിം ലീഗിന് പ്രാതിനിധ്യമുണ്ടായിരുന്നു. ഹിന്ദു, ക്രൈസ്തവ വിഭാഗങ്ങളിൽ ഉൾപ്പെട്ട നൂറിലധികം ജനപ്രതിനിധികൾ മുസ്‌ലിം ലീഗിലുണ്ട്. വിവിധ ജാതി, മത വിഭാഗങ്ങളിൽ ഉൾപ്പെട്ട ആയിരക്കണക്കിന് പേർ മുസ്‌ലിം ലീഗിന്റെ ഭാഗമാണ്. മുസ്‌ലിം ലീഗിന്റെ പ്രതിനിധികളായി നിയമസഭയിലേക്ക് മത്സരിക്കുന്നവരും തെരഞ്ഞെടുക്കപ്പെടുന്നവരും മുസ് ലിംകൾ മാത്രമല്ല. എം. ചടയൻ, കെ.പി രാമൻ, യു.സി രാമൻ എന്നിവരെല്ലാം നിയമസഭാംഗങ്ങളായത് മുസ്‌ലിംലീഗ് പ്രതിനിധികളായിട്ടാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മതസൗഹാർദ്ദം നിലനിർത്തുന്നതിന് വേണ്ടി മുസ്‌ലിംലീഗ് വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. കേരളത്തിൽ പയ്യോളിയിലും നടുവട്ടത്തുമുണ്ടായ കലാപങ്ങളിലും തളി ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്തും സാമുദായിക സൗഹാർദ്ദം ഉറപ്പുവരുത്താൻ മുസ്‌ലിംലീഗ് ഇടപെട്ടത് ഏവരാലും പ്രശംസിക്കപ്പെട്ട ചരിത്രമാണ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ കേരളത്തിലെ 14 ജില്ലകളിലും ബാംഗ്ലൂർ, ചെന്നൈ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും നടത്തിയ സുഹൃദ് സംഗമങ്ങൾ സമുദായങ്ങൾ തമ്മിലുള്ള ഐക്യത്തിനും സൗഹൃദത്തിനും ഏറെ സഹായകമായി. രാജ്യത്തിന്റെ മതേതരത്വം നിലനിർത്തുന്നതിനും മത സാഹോദര്യം ഉറപ്പാക്കുന്നതിനും മുസ്‌ലിംലീഗ് പ്രതിജ്ഞാബദ്ധമാണ്.
ഒരു രാഷ്ട്രീയ പാർട്ടിയുടെ മതേതരത്വം മനസ്സിലാക്കേണ്ടത് ആ പാർട്ടിയുടെ പ്രവർത്തനത്തിലൂടെയാണ്. അല്ലാതെ നാമഥേയം നോക്കിയല്ല. സെക്യുലർ എന്ന് തോന്നുന്ന പേര് വെച്ച് രജിസ്‌ട്രേഷൻ നടത്തുകയും വർഗ്ഗീയ സ്വഭാവത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന നിരവധി സംഘടനകൾ ഇന്ത്യയിലുണ്ട്. എന്നാൽ മുസ്‌ലിംലീഗ് എക്കാലത്തും നിലകൊണ്ടത് മതേരത്വത്തിനും മത സാഹോദര്യത്തിനും വേണ്ടിയാണ്. തീവ്രവാദത്തിനും ഭീകരതക്കുമെതിരെ നിരന്തരം കാമ്പയിൻ നടത്തുന്ന പാർട്ടിയാണ് മുസ്‌ലിം ലീഗ്. രാഷ്ട്രീയാതീതമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടനയാണ് മുസ്‌ലിംലീഗ്.
2023 മാർച്ച് 10ന് മുസ്‌ലിം ലീഗ് അതിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആണ് ഈ പ്ലാറ്റിനം ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. രാജ്യത്തിന്റെ മതേതരത്വവും പരമാധികാരവും അഖണ്ഡതയും നിലനിർത്താനും വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളിൽ ന്യൂനപക്ഷ, ദലിത് പിന്നോക്ക വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരാനും വേണ്ടിയാണ് മുസ്‌ലിംലീഗ് പ്രവർത്തിക്കുന്നത്. കേരളത്തിന് സംസ്‌കൃത സർവ്വകലാശാല അനുവദിച്ച വിദ്യാഭ്യാസ മന്ത്രി മുസ്‌ലിംലീഗുകാരനാണ്. 75 വർഷക്കാലത്തെ പ്രവർത്തന പാരമ്പര്യത്തെ വിശദമായി വിവരിച്ചുകൊണ്ടാണ് മുസ്ലിം ലീഗ് എതിർ സത്യവാങ്മൂലം സമർപ്പിച്ചത്.